Site iconSite icon Janayugom Online

മഞ്ജുവുമായുള്ള സംഭാഷങ്ങളടക്കം ഫോണിലുണ്ട്, സ്വകാര്യഫോണുകള്‍ നല്‍കാനാവില്ലെന്ന് ദിലീപ്; നാളെ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ്

മുൻ ഭാര്യ മഞ്ജു വാര്യരുമായി സംസാരിച്ച സംഭാഷണങ്ങളടക്കം ഫോണിലുള്ളതിനാൽ തന്റെ സ്വകാര്യ ഫോണുകൾ അന്വേഷണ സംഘത്തിന് നൽകാനാവില്ലെന്ന് നടൻ ദിലീപ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഉപഹർജി പരിഗണിയ്ക്കുന്നതിനിടെയാണ് സ്വകാര്യതയിലേക്ക് കടന്നു കയറാൻ അന്വേഷണ സംഘം ശ്രമിയ്ക്കുന്നു എന്ന ആരോപണവുമായി ദിലീപ് രംഗത്തെത്തിയത്. കേസിൽ നാളെ 11 മണിക്ക് പ്രത്യേക സിറ്റിങ് നടത്താൻ കോടതി തീരുമാനിച്ചു.
മുൻ ഭാര്യയുമായുള്ള സംഭാഷണമടക്കം അന്വേഷണസംഘത്തിന് കിട്ടിയാൽ, അത് അവർ ദുരുപയോഗം ചെയ്യും. പൊലീസ് സംഭാഷണം പുറത്തുവിട്ടാൽ തനിക്ക് അത് ദോഷം ചെയ്യും. കയ്യിൽ ആ ഫോണില്ലെന്ന് തനിക്ക് വേണമെങ്കിൽ വാദിക്കാമായിരുന്നു. അത് ചെയ്തിട്ടില്ല. തനിക്ക് ഒളിക്കാൻ ഒന്നുമില്ല. കോടതിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും ദിലീപ് ആരോപിച്ചു. ഇപ്പോൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത് ശേഖരിക്കാനായി താൻ ആ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്റെ എതിർ വാദത്തിന് ഈ ഫോൺ അനിവാര്യമാണ്. അതിനാൽ അന്വേഷണസംഘത്തിന് കൈമാറാനാകില്ല, ദിലീപ് വാദിച്ചു.
നിങ്ങൾക്ക് കോടതിയിൽ വിശ്വാസമില്ലേ എന്ന് ഒരു ഘട്ടത്തിൽ ഹൈക്കോടതി ദിലീപിനോട് ചോദിച്ചു. ആർക്കാണ് ഈ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകേണ്ടത് എന്ന കാര്യം തീരുമാനിക്കേണ്ടത് ദിലീപാണോ എന്നും കോടതി ചോദിച്ചു. ഹൈക്കോടതി രജിസ്ട്രിയിൽ ഈ ഫോൺ എന്തുകൊണ്ട് നൽകുന്നില്ല? മറ്റൊരാൾക്ക് ഫോൺ പരിശോധനയ്ക്ക് കൊടുത്തത് വഴി നിങ്ങൾ എടുത്തത് വലിയ റിസ്കല്ലേ എന്നും കോടതി ചോദിച്ചു.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകൾ നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹർജി നൽകിയത്. ദിലീപിന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്തത് പുതിയ ഫോണുകളാണ്. 2022 ജനുവരിയിൽ മാത്രമാണ് ആ ഫോണുകൾ ദിലീപും അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കേസിൽ നിർണായകമാണ് എന്നാണ് പ്രോസിക്യൂഷൻ വാദം. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ഐഫോൺ, ഒരു വിവോ ഫോൺ, ദിലീപിന്റെ സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോൺ എന്നിവ അന്വേഷണം തുടങ്ങിയപ്പോൾ മാറ്റിയെന്നും ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയും കോടതിയിൽ പ്രത്യേക സിറ്റിങ് നടന്നിരുന്നു. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച ശേഷം ബുധനാഴ്ച പരിഗണിക്കാൻ മാറ്റിയിരുന്നു.

Eng­lish Sum­ma­ry: Con­ver­sa­tions with Man­ju are on the phone, Dileep says per­son­al phones can­not be giv­en; Spe­cial sit­ting in the High Court tomorrow

You may like this video also

Exit mobile version