Site iconSite icon Janayugom Online

രാജസ്ഥാനില്‍ 450 രൂപയ്ക്ക് പാചകവാതകം; വാഗ്ദാനം നടപ്പാക്കാനാകില്ലെന്ന് ബിജെപി

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വോട്ടിനു വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണെന്നും അതെല്ലാം നടപ്പാക്കാനുള്ളതല്ലെന്നുമുള്ള ബിജെപിയുടെ പ്രഖ്യാപനം രാജസ്ഥാനിലും പ്രാവര്‍ത്തികമാകുന്നു. നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് 450 രൂപ നിരക്കില്‍ പാചക വാതക സിലിണ്ടര്‍ നല്‍കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചത്. കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലിയാണ് രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 450 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍ നല്‍കുന്ന കാര്യം പ്രകടനപത്രികയില്‍ ഉണ്ടായിരുന്നില്ലെന്ന് ജാവേദ് അലിഖാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
രാജസ്ഥാനില്‍ 450 രൂപയ്ക്ക് സിലിണ്ടര്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിട്ടില്ല. അത്തരമൊരു തീരുമാനം എങ്ങനെ പ്രകടനപത്രികയില്‍ വന്നുവെന്ന് മന്ത്രിയായ തനിക്കറിയില്ല. അത്തരം വിഷയങ്ങളില്‍ മറുപടി നല്‍കേണ്ടത് താനല്ലെന്നും രാമേശ്വര്‍ തേലി പറഞ്ഞു. 

നവംബര്‍ 22ന് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ ഈ വാഗ്ദാനം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. സിലിണ്ടര്‍ വില ക്രമാതീതമായി കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജസ്ഥാനിലെ വനിതകള്‍ക്ക് 450 രൂപയ്ക്ക് സിലിണ്ടര്‍ നല്‍കാന്‍ പാര്‍ട്ടി സന്നദ്ധമാണെന്ന് റാലിയില്‍ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളിയായിരുന്ന കോണ്‍ഗ്രസിന്റെ, സംസ്ഥാനത്തെ 76 ലക്ഷം കുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ സിലിണ്ടര്‍ വിതരണം ചെയ്യുമെന്ന വാഗ്ദാനം മറികടക്കുന്നതിനാണ് ബിജെപി ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവച്ചത്. 

എന്നാല്‍ പെട്രോളിയം സഹമന്ത്രിയുടെ പ്രസ്താവനയോടെ ബിജെപി സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വവും ഉത്തരമില്ലാതെ വലയുന്ന അവസ്ഥയിലാണ്. മോഹന വാഗ്ദാനം നല്‍കി വോട്ടര്‍മാരെ കബളിപ്പിച്ച് വോട്ട് നേടിയശേഷമുള്ള പിന്‍വാങ്ങല്‍ രാജസ്ഥാനിലെ ജനങ്ങള്‍ക്കിടയിലും ചര്‍ച്ചയായി കഴിഞ്ഞു. 

Eng­lish Sum­ma­ry: Cook­ing gas for Rs 450 in Rajasthan; BJP says the promise can­not be fulfilled

You may also like this video

Exit mobile version