കൂളിമാട് പാലത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് പാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കേണ്ടതില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംഘമാണ് സംഭവം അന്വേഷിക്കുന്നത്. നിർമാണത്തിന്റെ സാങ്കേതിക വശം ഉൾപ്പെടെ എല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. റിപ്പോർട്ട് വന്നതിനു ശേഷം മാത്രമാണ് പണി പുനരാരംഭിക്കേണ്ടത്. ഇക്കാര്യം തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. അവിടെ ബീം മാറ്റലുൾപ്പെടെ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മതി. അതിനു പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
പാലത്തിന്റെ തകർച്ച സംബന്ധിച്ച് കെ ആർ എഫ് ബിയുടെ ഒരു പ്രാഥമിക റിപ്പോർട്ട് കിട്ടിയിരുന്നു. എക്സിക്യൂട്ടീവ് എൻജിനീയർ ആണ് അത് സമർപ്പിച്ചത്. എന്നാൽ അത് മാത്രം അംഗീകരിച്ച് പോവുകയല്ല ചെയ്തത്. വിപുലീകരിച്ചു ആഭ്യന്തര വിജിലൻസ് സംഘത്തെ ഏൽപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ആറു മാസത്തിനിടെ നിരവധി തെറ്റായ പ്രവണതകൾ അവർ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് റോഡിന്റെ പരിപാലന കാലാവധി പരസ്യപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത് ഒരു ജില്ലയിൽ ഈ അന്വേഷണ സംഘം കണ്ടെത്തിയ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ്. പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ച് മെറിറ്റ് ആണ് പ്രധാനമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
English Summary:Coolimad Bridge; Construction should not be resumed before the inquiry report comes out: Minister Mohammad Riyaz
You may also like this video