Site iconSite icon Janayugom Online

കോപ്പ് 27ഉം കാലാവസ്ഥാദുരന്ത സഹായവും

cop27cop27

സിഒപി 27 അഥവാ കോപ്പ് 27 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് 2022 സമ്മേളനം ഈജിപ്റ്റില്‍ നടന്നു. ആഗോള കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പതിവു തെറ്റിക്കാതെ ഈ വര്‍ഷവും ചര്‍ച്ചയ്ക്കായി എത്തി. അക്കൂട്ടത്തില്‍ വിഷവാതക പുറന്തള്ളല്‍ മുതല്‍ കാര്‍ബണ്‍ വിപണികള്‍ നിയന്ത്രണവിധേയമാക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ക്ക് രൂപം നല്കുക എന്നതുവരെ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന കാലാവസ്ഥാ ധനസഹായം ‑ക്ലൈമറ്റ് ഫിനാന്‍സ്- ഉള്‍പ്പെടെ പ്രസക്തമായ വിഷയങ്ങളും ഇതിന്റെ ഭാഗമായി. വലിയ ജനസംഖ്യയും ബന്ധപ്പെട്ട പ്രശ്നങ്ങളും കാലാവസ്ഥാവ്യതിയാന പ്രതിരോധാവശ്യങ്ങള്‍ക്ക് കൂടുതല്‍ പണം ഒരു അനിവാര്യ ഘടകമാക്കുമല്ലോ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ കാലാവസ്ഥാവ്യതിയാനം മനുഷ്യസമൂഹത്തിനുമേല്‍ നഷ്ടം വരുത്തുകയും ഹാനികരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുകയും ചെയ്യും. ഈ രണ്ട് സാഹചര്യങ്ങളും ‘ലോസും ഡാമേജും’ (എല്‍ ആന്റ് ഡി) കോപ്പ് 27ന്റെ ചര്‍ച്ചകളില്‍ ധനകാര്യനിധി ഫണ്ടിന്റെ പ്രാമുഖ്യത്തിന് സ്വാഭാവികമായ മുന്‍തൂക്കം ലഭ്യമാക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ:  ഭൂമിയുടെ അവകാശികള്‍


2015ലെ പാരിസ് സമ്മേളനത്തിനു ശേഷം വികസ്വര രാജ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന അജണ്ട, സഹിക്കേണ്ടിവന്നിട്ടുള്ള നഷ്ടങ്ങള്‍‍ നികത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന രീതി മാറ്റുകയെന്നതാണ്. പകരം പരിസ്ഥിതി ബന്ധിത നഷ്ടങ്ങള്‍ക്കെല്ലാം ബന്ധപ്പെട്ട വികസിതരാജ്യങ്ങളെത്തന്നെ, ധാര്‍മ്മികമായും ധനപരമായുമുള്ള മുഴുവന്‍ ബാധ്യതകളും ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തുക എന്നതാണ്. ഈ നീക്കം ശക്തമായ എതിര്‍പ്പിന് ഇടായാക്കിയിരിക്കുകയാണ്. കോപ്പ് 27നു തൊട്ടു മുന്‍പായിരുന്നു, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായ വരള്‍ച്ചയും വെള്ളപ്പൊക്കത്തിന്റെയും കാട്ടുതീപരമ്പരയുടെയും കെടുതികളും‍ അഭിമുഖീകരിക്കേണ്ടിവന്നത്. തീര്‍ത്തും അപ്രതീക്ഷിതവും വിനാശകരവുമായ ഇത്തരം പ്രകൃതികോപങ്ങള്‍ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങള്‍ മുഴുവന്‍ വികസ്വര രാജ്യങ്ങളുടെ ചുമലില്‍ കെട്ടി ഏല്പിക്കുന്നത് അനീതിയായിരിക്കുമെന്നാണ് അവ ഉന്നയിക്കുന്ന വാദഗതി. ഇതിനുള്ള പ്രധാന ബാധ്യത ഏറ്റെടുക്കേണ്ടത് വികസിത, വ്യവസായവല്കൃത മുതലാളിത്ത രാജ്യങ്ങളാണെന്നും അവര്‍ തീര്‍ത്തുപറയുന്നു. വികസിത രാജ്യഭരണകൂടങ്ങള്‍ക്ക് ഇതില്‍ നിന്നും ഒഴിഞ്ഞു മാറുക സാധ്യമല്ല.
ഐക്യരാഷ്ട്രസഭയുടെ പുതുക്കിയ തീരുമാനങ്ങള്‍ നിഷ്കര്‍ഷിക്കുന്നത് നാശനഷ്ടങ്ങളും അത്യാഹിതങ്ങളും സംഭവിക്കുന്നതിനു മുമ്പുതന്നെ പ്രതിരോധത്തിനുള്ള ഒരുക്കങ്ങള്‍‍ നടത്തണമെന്നാണ്. ഇത് അവശ്യം ആവശ്യമായിരിക്കുക വികസിത രാജ്യങ്ങള്‍ക്കുമായിരിക്കും. കാരണം, അവരായിരിക്കുമല്ലോ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവരിക. നിലവിലുള്ളതിനു പുറമെ പുതുതായി ബാധ്യതകള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കാനും ഇതുവഴി അവര്‍ക്ക് സാധ്യമാകും. ഈജിപ്റ്റിലെ കോപ്പ് 27 കൂട്ടായ്മ, നഷ്ടവും നാശനഷ്ടങ്ങളും ചര്‍ച്ചാവിഷയങ്ങളാക്കിയെങ്കിലും ബാധ്യത ആരാണ് ഏറ്റെടുക്കേണ്ടതെന്ന കാര്യത്തില്‍ നിശബ്ദതയും നിഷ്ക്രിയത്വവും തുടരുകയാണുണ്ടായത്.
നഷ്ട‑നാശഭാരവും അതിനുള്ള ഉത്തരവാദിത്തവും അജണ്ടയുടെ ഭാഗങ്ങളാക്കപ്പെട്ടിരുന്നെങ്കിലും തുടര്‍നടപടികളുടെ അഭാവത്തില്‍ ഈ അഭ്യാസംകൊണ്ട് ഗുണഫലമൊന്നും ഉണ്ടാകാനിടയില്ല. ആകെക്കൂടി സംഭവിച്ചത് ഒന്നുമാത്രമാണ്; ചൈന അടക്കമുള്ള ഒരുകൂട്ടം രാജ്യങ്ങള്‍ ശുപാര്‍ശ ചെയ്തതിന്റെ ഫലമെന്നോണം നഷ്ട‑നാശ പാക്കേജിനെ തുടര്‍ന്നുള്ള നടപടികളുടെ കൂട്ടത്തില്‍ “പുനരധിവാസം, റിക്കവറി, പുനര്‍നിര്‍മ്മാണം” തുടങ്ങിയവ സംബന്ധമായ പരാമര്‍ശങ്ങളും ഉള്‍പ്പെടുത്തപ്പെട്ടു എന്നത്. അതേസമയം, നിലവിലുള്ള സ്ഥിതിവിശേഷത്തിലേക്ക് നയിച്ച ചരിത്ര പശ്ചാത്തലത്തെയും അതിനുള്ള ഉത്തരവാദിത്തത്തെയും പറ്റി തികഞ്ഞ മൗനം അവലംബിക്കുകയാണ് ചെയ്തിരിക്കുന്നത്.


ഇതുകൂടി വായിക്കൂ:  കോവിഡാനന്തര ശരീരദൂരം


നാശനഷ്ടങ്ങള്‍ക്കിടയാക്കുന്നതിനുള്ള വേറിട്ട ഉത്തരവാദിത്തങ്ങളും കൂട്ടായ ഉത്തരവാദിത്തങ്ങളും ഏതെല്ലാമാണെന്ന് വേര്‍തിരിച്ച് പരാമര്‍ശമൊന്നും നടത്തിക്കാണുന്നില്ല. മാത്രമല്ല, നഷ്ടപരിഹാരമെന്ന നിലയില്‍ രൂപം നല്കുന്ന സഹായനിധിയുടെ ഫണ്ടിങ് നടത്തുക വികസിത രാജ്യങ്ങളായിരിക്കുമോ എന്നതും വ്യക്തമല്ല. അതായത്, ‘കോപ്പ് 27’ മുന്നോട്ടുവച്ചിരിക്കുന്നത് വിവിധ നിറങ്ങളിലുള്ള (മൊസെയ്ക്ക്) അഥവാ വിവിധ സ്വഭാവമുള്ള പരിഹാരങ്ങളും അവ ഏറ്റെടുക്കുന്നതിനായി വൈവിധ്യതയാര്‍ന്ന ചുമതലക്കാരും അടങ്ങിയ ഒരു പാക്കേജാണ്. ഇക്കാരണത്താല്‍ തന്നെ നാശ‑നഷ്ടബാധ്യതകളില്‍ നിന്നും ക്രമേണ വികസിത രാജ്യങ്ങള്‍ വഴുതിമാറുമെന്നും അതെല്ലാം ഒന്നുകില്‍ സ്വകാര്യമേഖലയിലേക്കോ അല്ലെങ്കില്‍ ചൈനയെപ്പോലെ മെച്ചപ്പെട്ട സാമ്പത്തിക പുരോഗതി കൈവരിച്ചിരിക്കുന്ന വികസ്വര രാജ്യങ്ങളിലേക്കോ, തള്ളിനീക്കപ്പെടുമെന്നാണ് കരുതേണ്ടിവരുന്നത്. ധനകാര്യ ബാധ്യത പരമാവധി സ്വന്തം ചുമലില്‍ എത്തിപ്പെടാന്‍ ഇടയാവാത്ത വിധത്തില്‍ ആശയക്കുഴപ്പങ്ങള്‍ നിലനിര്‍ത്തുകയാണ് വികസിത, മുതലാളിത്ത രാജ്യ ഭരണകൂടങ്ങളുടെ തന്ത്രം. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന നാശ‑നഷ്ടങ്ങളും ദുരന്തങ്ങളും ധാര്‍മ്മികതയുടെ പേരിലായാലും തങ്ങള്‍ക്കായിരിക്കരുതെന്നാണ് വികസിത രാജ്യങ്ങളുടെ ലക്ഷ്യം. അതിലൂടെ ഏതെങ്കിലും വിധത്തില്‍ ധനസഹായം തങ്ങള്‍ നല്കുന്നുണ്ടെങ്കില്‍ അത് നഷ്ടപരിഹാരമെന്ന പേരിലുള്ളതല്ല, തങ്ങള്‍ സ്വയംനല്കുന്ന പ്രതിഫലം അഥവാ ആശ്വാസധനം അല്ലെങ്കില്‍ സഹായം എന്നതുമാത്രമാണെന്ന് സ്ഥാപിച്ചെടുക്കാനും കഴിയുമല്ലോ.
‘കോപ്പ് 27’ ശ്രദ്ധ കേന്ദ്രീകരിച്ച മറ്റൊരു വിഷയം വികസ്വര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന കാലാവസ്ഥാവ്യതിയാന ദുരന്തങ്ങള്‍ക്കുള്ള റവന്യൂ വരുമാന സ്രോതസുകളാണ്. 2009ല്‍ വികസിത രാജ്യങ്ങളുടെ വാഗ്ദാനം 2020 ആവുന്നതോടെ 100 ബില്യന്‍ ഡോളര്‍ ധനസഹായം നല്കുമെന്നായിരുന്നെങ്കിലും ഇതുവരെ നടപ്പില്‍ വന്നിട്ടില്ല. വികസ്വര രാജ്യങ്ങളുടെ പ്രതീക്ഷ ഈ സഹായം പൊതു സ്രോതസുകള്‍ വഴിയായിരിക്കും ലഭിക്കുക എന്നായിരുന്നു. എന്നാല്‍ ഇക്കാര്യം ഗോപ്യമായി സൂക്ഷിക്കപ്പെടുകയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ വികസ്വര രാജ്യങ്ങള്‍ അര്‍ഹിക്കുന്ന ധനസഹായത്തിന്റെ ചെറിയൊരംശം മാത്രമേ ഇതുവഴി കിട്ടുന്നുള്ളൂ. നിശ്ചയമായും 2023 ആകുന്നതോടെ ധനസഹായ തുകയും സ്രോതസുകളും മറ്റ് വിശദാംശങ്ങളുമെല്ലാം ശരിയായ രൂപം നല്കി തീര്‍പ്പാക്കാന്‍ വികസിത രാജ്യങ്ങള്‍ ബാധ്യസ്ഥരാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കണമല്ലോ അടുത്ത ഘട്ട ധനസഹായ നിധിയുടെ വിഹിതം എത്രയായിരിക്കണമെന്ന തീരുമാനം. നിലവിലുള്ള 100 ബില്യന്‍ ഡോളര്‍ 2025 ആകുമ്പോഴേക്ക് ഉയര്‍ത്താതിരിക്കാന്‍ സാധ്യമല്ല. ലഭ്യതയുടേതിനുപകരം ആവശ്യാനുസരണം ധനസഹായം ലഭ്യമാക്കുക എന്നതിനായിരിക്കണം മുന്തിയ പരിഗണന നല്കേണ്ടത്.
വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വികസിത രാജ്യ ഭരണകൂടങ്ങളെക്കൊണ്ട് തന്നെ കാലാവസ്ഥാ സംരക്ഷണ നടപടികള്‍ നിര്‍ബന്ധിതമാക്കുകയാണ് പ്രധാനം. കാര്‍ബണ്‍ പുറന്തള്ളല്‍ താണനിലവാരത്തില്‍ തുടരുന്നതിനാവശ്യമായ ധന വിഭവങ്ങള്‍ സമാഹരിക്കേണ്ടതിന്റെ ബാധ്യത പാരിസ് ഉടമ്പടി അനുശാസിക്കുന്നവിധം വികസിത രാജ്യങ്ങള്‍ തന്നെ ഏറ്റെടുത്തേ മതിയാകൂ. ഈ വ്യവസ്ഥയില്‍ വെള്ളം ചേര്‍ക്കാന്‍ സംഘടിത ശ്രമങ്ങള്‍ വികസിത രാജ്യങ്ങള്‍ നടത്തിവരുന്നതായി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു. ഇത്തരമൊരു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് ട്രില്യന്‍ കണക്കിന് ഡോളര്‍ ആവശ്യമായി വന്നേക്കാവുന്ന ധനകാര്യ ബാധ്യതാവിഷയം സമ്മേളനത്തില്‍ തീരുമാനിക്കപ്പെടാതിരുന്നത്. അടുത്ത വര്‍ഷത്തെ യോഗത്തില്‍ ഈ വിഷയം പരിഗണനക്കു വിധേയമാക്കാനുള്ള സാധ്യതയാണ് കാണുന്നത്. മാത്രമല്ല, കോവിഡിന്റെയും ഉക്രെയ്‌ന്‍-റഷ്യാ സൈനിക ഏറ്റുമുട്ടലുകള്‍ തുടരുന്നതിന്റെയും പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ഒരു തീര്‍പ്പു കല്പിക്കാന്‍ കഴിയുന്നൊരു ധനസ്ഥിതിയല്ല, വികസിത രാജ്യങ്ങളുടേതെന്നതും ശ്രദ്ധേയമാണ്.


ഇതുകൂടി വായിക്കൂ:  ദുരന്തനിവാരണ സാക്ഷരത കാലഘട്ടത്തിന്റെ അനിവാര്യത


എങ്കിലും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ആഗോള ധനകാര്യ വ്യവസ്ഥയുടെ, വിശേഷിച്ച് ബഹുരാഷ്ട്ര വികസന ബാങ്കുകളുടെ (എംഡിബികള്‍) കൂടുതല്‍ സഹകരണവും ധനസഹായവും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു എന്നത് കോപ്പ് 27ന്റെ നേട്ടമായി കാണാം. ഇതേത്തുടര്‍ന്ന് ഇത്തരം വായ്പാ ഏജന്‍സികളില്‍ നിന്നും കൂടുതല്‍ ഉദാരമായ വ്യവസ്ഥകളില്‍‍ ധനസഹായം ലഭ്യമാക്കാനും വികസിത രാജ്യങ്ങള്‍ തന്നെയാണ് മുന്‍കയ്യെടുക്കേണ്ടത്.
പാരിസ് ധാരണയുടെ ഭാഗമായിരുന്ന രാജ്യങ്ങളിലെ കാര്‍ബണ്‍ വിപണി കമ്പനികള്‍ ചിലതെങ്കിലും സ്വന്തം ബാധ്യതയില്‍നിന്നും കരുതിക്കൂട്ടി ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിലാണ്. തങ്ങള്‍ക്ക് അതിനുള്ള കഴിവും പ്രാപ്തിയും ഇല്ലെന്ന വാദവും അവയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. കാര്‍ബണ്‍ കമ്പനികളും അവ പ്രവര്‍ത്തനം നടത്തിവരുന്ന രാജ്യങ്ങളും അങ്ങേയറ്റം സുതാര്യതയോടെയായിരിക്കണം യഥാര്‍ത്ഥത്തിലുള്ള കാര്‍ബണ്‍ പുറന്തള്ളലും അതില്‍ എത്രമാത്രം കുറവുവരുത്തിയെന്നും സംബന്ധിച്ചുള്ള വിവരങ്ങള്‍ തയാറാക്കേണ്ടത് എന്ന് പാരിസ് ഉടമ്പടി വ്യവസ്ഥയുണ്ടാക്കിയിരുന്നു. മറിച്ചാണെങ്കില്‍ അതിന് ഉത്തരവാദപ്പെട്ടവര്‍ ശിക്ഷാര്‍ഹരായിരിക്കും. എന്നാല്‍ ഇതിനുള്ള വ്യവസ്ഥയൊന്നും നിലവിലില്ല. അതുകൊണ്ടുതന്നെ ഇതുസംബന്ധമായി കൃത്യമായ കണക്കുകള്‍ ലഭ്യവുമല്ല. അതായത് കാര്‍ബണ്‍ വാതക പുറന്തള്ളല്‍ യഥേഷ്ടം തുടരുകയാണ് എന്നര്‍ത്ഥം. അതോടൊപ്പം അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ വ്യതിയാനങ്ങളും.

Exit mobile version