Site iconSite icon Janayugom Online

വിഎഫ്‌പിസികെയെ കൂടി ഉൾപ്പെടുത്തി കൊപ്ര സംഭരണം വിപുലീകരിക്കും: മന്ത്രി പി പ്രസാദ്

നാഫെഡ് മുഖേനയുള്ള കൊപ്ര സംഭരണം മാര്‍ക്കറ്റ്ഫെഡിന് പുറമെ വിഎഫ്‌പിസികെയെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കൊപ്ര സംഭരണത്തിനുള്ള ഏജൻസിയായി കേരഫെഡിനെ കൂടി പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്ന ഏജൻസികൾക്ക് കൊപ്ര സംഭരിക്കുന്നതിനുള്ള അനുവാദമില്ല എന്ന കാരണത്താലാണ് സർക്കാരിന്റെ ആവശ്യം കേന്ദ്രം നിരസിച്ചത്.

ഈ സാഹചര്യത്തിലാണ് വിഎഫ്‌പിസികെയെ ഉൾപ്പെടുത്തി കൊപ്ര സംഭരണം വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. കൂടുതൽ കേന്ദ്രങ്ങളിൽ നിന്നും അധികമായി കൊപ്ര സംഭരിക്കുന്നതിലൂടെ കർഷകർക്ക് അതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞവർഷവും സർക്കാരിന്റെ ആവശ്യപ്രകാരം നാഫെഡ് മുഖേന കൊപ്ര സംഭരിക്കാൻ കേന്ദ്ര അനുമതി ലഭിച്ചിരുന്നു. കേരഫെഡും മാര്‍ക്കറ്റ്ഫെഡും മുഖേന കൊപ്ര സംഭരിക്കണമെന്ന സർക്കാരിന്റെ ആവശ്യം നാഫെഡ് അന്ന് പൂർണമായും അനുവദിച്ചില്ല. മാര്‍ക്കറ്റ് ഫെഡിന് മാത്രമാണ് അനുമതി ലഭിച്ചത്. അത് പ്രകാരം 255 ടൺ കൊപ്ര കഴിഞ്ഞവർഷം നാഫെഡ് സംഭരിച്ചിരുന്നു. അന്ന് കേരഫെഡിലൂടെ പച്ചത്തേങ്ങ സംഭരണം ഊർജിതമാക്കിയാണ് നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്.

പ്രാഥമിക സഹകരണ സംഘങ്ങൾ, വിഎഫ്‌പിസികെയുടെ സ്വാശ്രയ കർഷകസംഘടനകൾ എന്നിവ മുഖേന കർഷകർ ഉല്പാദിപ്പിക്കുന്ന കൊപ്ര വിഎഫ്‌പിസികെ, മാര്‍ക്കറ്റ്ഫെഡ് എന്നീ ഏജൻസികൾ വഴി നാഫെഡിന് ഇനി സംഭരിക്കാനാവും. അതോടൊപ്പം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പച്ചത്തേങ്ങ സംഭരണം ആവശ്യത്തിന് കേന്ദ്രങ്ങൾ അനുവദിച്ചുകൊണ്ട് തുടരും. കേരളത്തിലെ നാളികേര കർഷകർക്ക് ന്യായ വില ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ ഇടപെടലുകളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 12,069.21 മെട്രിക് ടൺ പച്ചത്തേങ്ങയാണ് സംഭരിച്ചത്. ഈ വർഷം സംഭരണം ആരംഭിച്ച് മൂന്ന് മാസത്തിനകം തന്നെ 7,548 ടൺ പച്ചത്തേങ്ങ സമാഹരിച്ചതായും മന്ത്രി പറഞ്ഞു. കൊപ്ര സംഭരണത്തിലും കേന്ദ്ര സഹായത്തിന് പുറമേ സംസ്ഥാനം ഉറപ്പ് നൽകുന്ന താങ്ങുവില കർഷകന് ഉറപ്പാക്കാൻ സംസ്ഥാന വിഹിതം ലഭ്യമാക്കുന്നുണ്ട്.

Eng­lish Sum­ma­ry: Copra pro­cure­ment to be expand­ed: Min­is­ter P Prasad
You may also like this video

Exit mobile version