Site iconSite icon Janayugom Online

കര്‍ഷകരുടെ ബന്ധുവായ പനങ്കാക്കയെ അറിയാമോ?

indian rollerindian roller

കേരളത്തിലെ തുറസായ കൃഷിപ്രദേശങ്ങളിലും അനുബന്ധ സ്ഥലങ്ങളിലും കാണപ്പെടുന്ന പക്ഷിയാണ് പനങ്കാക്ക. ഏറെ ആകര്‍ഷണീയമായ നീലനിറമാണ് ഇവയ്ക്കുള്ളത്. പ്രാവിന്റെ വലിപ്പവും വലിയ തലയും തടിച്ച് കറുത്ത ചുണ്ടുകളുമാണ്. ഇവയുടെ തല, ശരീരത്തിന്റെ മുകള്‍ഭാഗം കൊക്ക് മുതല്‍ നെഞ്ചുവരെയും മങ്ങിയ തവിട്ടുനിറവും വയറും ചിറകുകളും തിളക്കമാര്‍ന്ന നീലനിറവുമാണ്. എന്നാല്‍ തലയുടെ മുകള്‍ ഭാഗത്തു നീല നിറം പ്രകടമാണ്. ചിറകിലുള്ള ഇരുണ്ടതും മങ്ങിയ നീലനിറത്തിലുള്ളതുമായ അടയാളങ്ങള്‍ പറക്കുന്ന അവസരങ്ങളില്‍ വ്യക്തമായി കാണാം. ഈ അവസരങ്ങളില്‍ പക്ഷിക്ക് കൂടുതല്‍ നിറസൗന്ദര്യം പ്രകടമാകും. വൃക്ഷക്കൊമ്പുകളിലോ വൈദ്യുത പോസ്റ്റുകളിലോ ഇരുന്ന് പരിസരനിരീക്ഷണം നടത്തിയാണ് ഈ പക്ഷികള്‍ ഇരതേടുന്നത്. ഇത്തരത്തിലുള്ള നിരീക്ഷണത്തില്‍ പറന്നിറങ്ങി ഇരയെത്തേടുകയും പഴയതുപോലെ സുരക്ഷിത സ്ഥാനത്തെത്തുകയും ചെയ്യും. 

പുല്‍ച്ചാടി, വിട്ടില്‍, വണ്ട്, മറ്റ് കീടങ്ങള്‍ എന്നിവയാണ് ആഹാരം. കൃഷിക്ക് ദോഷം ചെയ്യുന്ന കീടങ്ങളെ ഭക്ഷിക്കുന്നു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. ചില അവസരങ്ങളില്‍ പല്ലി, ചുണ്ടെലി, തവള എന്നിവയേയും ആഹാരമാക്കാറുണ്ട്. മൃദുവല്ലാത്ത പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുമെങ്കിലും ഇണയോടൊത്തുള്ള കാമപ്രകടനവേളയില്‍ വളരെ മൃദുവായി ചെറിയ ശബ്ദങ്ങളാണുണ്ടാക്കുക. ഈ നേരത്ത് ആണ്‍പക്ഷികള്‍ വിസ്മയകരമായ കാഴ്ച സമ്മാനിച്ച് അതിവേഗത്തില്‍ മേലോട്ട് പറന്നു കുതിക്കുകയും തലകീഴായി മറിയുകയും ചെയ്യും. പറക്കുന്ന വേളയില്‍ തൂവലുകളില്‍ നിറങ്ങളുടെ ദര്‍ശനഭാഗ്യം വര്‍ണനകള്‍ക്കതീതമാണ്. മരപ്പൊത്തുകളിലാണ് സാധാരണ കൂടുകൂട്ടുന്നത്. മരത്തിന്റെ ഇല, പഴയതുണി, തൂവല്‍ മുതലായവകൊണ്ടാണ് കൂട് നിര്‍മ്മാണം. മൂന്നുമുതല്‍ അഞ്ച് മുട്ടകള്‍വരെ ഉണ്ടാവാറുണ്ട്. തിളക്കമുള്ള വെള്ളനിറത്തിലും ദീര്‍ഘവൃത്താകൃതിയിലുമാണ് മുട്ടകള്‍. (കോഴിമുട്ടപോലെ) 17–19 ദിവസത്തിനുള്ളില്‍ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരും. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് പ്രജനനകാലം.

Exit mobile version