Site iconSite icon Janayugom Online

ഗോവയിൽ പാര്‍ട്ടി വിട്ടത്‌ അഴിമതിക്കാർ :കോണ്‍ഗ്രസ്

കോൺ​ഗ്രസ് വിടേണ്ടവർ എത്രയും വേ​ഗം പാർടി വിട്ടുപോകുന്നതാണ് നല്ലതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ് ക്ലബ്ബിൽ മീറ്റ്‌ ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിലേക്ക്‌ ആളുകൾ വരും പോകും. പോകുന്നവർക്കു പോകാം.അധികാരം ആസ്വദിച്ചശേഷം പാർടി വിടുന്ന ഇത്തരക്കാർക്കു പകരം യുവജനങ്ങൾ ആ സ്ഥാനത്തേക്ക് വരും.

ഗോവയിൽ കഴിഞ്ഞ ദിവസം ​കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിൽ ചേർന്ന പ്രതിപക്ഷ നേതാവ് മൈക്കേൽ ലോബോ, മുൻമുഖ്യമന്ത്രി ​ദിം​ഗബർ കാമത്ത് ഉൾപ്പെടെ എട്ടുപേരും അഴിമതിക്കാരാണെന്നും ജയ്റാം രമേശ് പറഞ്ഞു.അവരെ മത്സരിപ്പിച്ചതിൽ കോൺ​ഗ്രസിന് തെറ്റുപറ്റി. ​കോൺ​ഗ്രസ് വിട്ടുപോകില്ലെന്ന് ദൈവത്തിനുമുന്നിൽ സത്യം ചെയ്തവരാണ്. ദൈവത്തെ അവര്‍ മറന്നു. പക്ഷേ, ബിജെപി പണം വാ​ഗ്ദാനം ചെയ്തപ്പോള്‍ അവര്‍ ലക്ഷ്മീദേവിയെ ഓര്‍ത്തു. പാർടി വിട്ടവരെല്ലാം കോൺ​ഗ്രസിൽനിന്ന് നേട്ടമുണ്ടാക്കിയവരാണ്.

​ഗുലാം നബി ആസാദ് കോൺ​ഗ്രസിൽനിന്ന് എല്ലാം നേടിയശേഷമാണ് വിട്ടുപോയത്. ഏജൻസികളുടെ അന്വേഷണം നേരിടുന്നവർ കോൺ​ഗ്രസ് വിട്ട് ബിജെപിയിലെത്തിയാൽ ശുദ്ധരായി. ബിജെപി വാഷിങ് മെഷീനിലിട്ടാൽ എല്ലാം മാറി തൂവെള്ളയാകും–- ജയ്റാം രമേശ് പറഞ്ഞു.ഉത്തർപ്രദേശിൽ രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അഞ്ചു ദിവസമാക്കി കോൺ​ഗ്രസ്. രണ്ടല്ല, യുപിയിൽ അഞ്ചു ദിവസം പദയാത്ര നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് കൊല്ലം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.

വിദ്വേഷത്തിനും വർ​ഗീയതയ്ക്കുമെതിരായ മുദ്രാവാക്യവുമായി ഇറങ്ങിയ രാഹുൽ ഗാന്ധി 18 ദിവസം കേരളത്തിലും രണ്ടു ദിവസംമാത്രം യുപിയിലും യാത്ര നടത്തുന്നതിനെതിരെ വ്യാപക വിമർശം ഉയർന്നിരുന്നു. ആർഎസ്‌എസിനും ബിജെപിക്കും എതിരായ ഈ പോരാട്ടം വിചിത്രമാണെന്ന്‌ ഇടതുപക്ഷം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി.ഏറ്റവും അനുയോജ്യമായതിനാലാണ് കന്യാകുമാരി–- കശ്മീർ റൂട്ട് തെരഞ്ഞെടുത്തതെന്ന്‌ ജയ്‌റാം രമേശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ​ഗുജറാത്തിലും ഹിമാചലിലും പോകാത്തതിനെയും അദ്ദേഹം ന്യായീകരിച്ചു. കന്യാകുമാരിയിൽനിന്ന്‌ പദയാത്രയായി ​ഗുജറാത്തിലെത്താൻ കുറഞ്ഞത്‌ 90 ദിവസമെങ്കിലും എടുക്കും. അപ്പോഴേക്കും അവിടെയും ഹിമാചലിലും തെരഞ്ഞെടുപ്പ് കഴിയും. ഭാരത്‌ ജോഡോ യാത്ര കോൺ​ഗ്രസിനെ ശക്തിപ്പെടുത്താനാണെന്നും പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയല്ലെന്നും ജയ്‌റാം രമേശ് പറഞ്ഞു.

Eng­lish Sum­ma­ry: Cor­rupt peo­ple left the par­ty in Goa: Congress

You may also like this video:

Exit mobile version