Site iconSite icon Janayugom Online

അഴിമതി ആരോപണം: സത്യേന്ദര്‍ ജെയിനെതിരെ വീണ്ടും കേസ്

ആംആദ്മി പാര്‍ട്ടി നേതാവും ഡൽഹി മുൻ ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജെയിനെതിരെ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പുതിയ കേസ്. 571 കോടി രൂപയുടെ സിസിടിവി പദ്ധതിയുമായി ബന്ധപ്പെട്ട് സത്യേന്ദർ ജെയിന്‍ ഏഴുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് നടപടി. അഴിമതിവിരുദ്ധ വിഭാഗമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡല്‍ഹിയില്‍ സിസിടിവി സ്ഥാപിക്കുന്നത് വൈകിയതിന് കരാറുകാരായ പൊതു മേഖലാ സ്ഥാപനം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍) ന് 16 കോടി രൂപ പിഴചുമത്തിയിരുന്നു. ഇത് ഒഴിവാക്കി നല്‍കുന്നതിന് മന്ത്രി സത്യേന്ദ്ര ജെയിന്‍ ഏഴുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പ്രവര്‍ത്തന രഹിതമായ സിസിടിവി കാമറകള്‍ സ്ഥാപിച്ചു, കരാര്‍ നടപ്പാക്കുന്നതില്‍ താമസം വരുത്തിയിട്ടും 1.4 ലക്ഷം സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനുള്ള കരാര്‍ കൂടി ബിഇഎലിന് നല്‍കി തുടങ്ങിയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സത്യേന്ദ്ര ജെയിനല്ല, മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളാണ് പദ്ധതിയുടെ സൂത്രധാരനെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്‌ദേവ ആവശ്യപ്പെട്ടു.

Exit mobile version