Site icon Janayugom Online

അജിത് പവാറിനെതിരായ അഴിമതിക്കേസ് പിന്‍വലിക്കുന്നു

ബിജെപി സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരായ 25,000 കോടിയുടെ വായ്പത്തട്ടിപ്പ് കേസ് മഹാരാഷ്ട്ര പൊലീസ് അവസാനിപ്പിക്കുന്നു. സംസ്ഥാന സഹകരണ ബാങ്കുമായി (എംഎസ്‌സി) ബന്ധപ്പെട്ട് അജിത് പവാറിനും മറ്റ് എഴുപതോളം പ്രതികൾക്കുമെതിരെയാണ് കേസെടുത്തിരുന്നത്. എന്നാല്‍ കേസില്‍ തെളിവില്ലെന്ന് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) പ്രത്യേക കോടതിയിൽ വീണ്ടും റിപ്പോർട്ട് നൽകി. വസ്തുതകളില്‍ തെറ്റ് സംഭവിച്ചതാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായതെന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക പബ്ലിക് പ്രോസ്ക്യൂട്ടര്‍ രാജ താക്കറെ വഴി ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി 15ന് വീണ്ടും പരിഗണിക്കും. 

അജിത് പവാർ എംഎസ്‌സി ഡയറക്ടർ ആയിരിക്കെ ചില പഞ്ചസാര മില്ലുകൾക്കു ക്രമരഹിതമായി വായ്പ അനുവദിക്കുകയും തിരിച്ചടവ് മുടങ്ങിയപ്പോൾ മില്ലുകൾ ജപ്തി ചെയ്ത് ലേലം ചെയ്യുകയുമായിരുന്നു. എന്നാൽ ലേലം ചെയ്തപ്പോൾ പവാർ കുടുംബവുമായി ബന്ധമുള്ള സ്ഥാപനങ്ങൾ തന്നെ ഇവ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയെന്നാണ് ആരോപണം.

അതേവിഷയത്തിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കേസിലെ പ്രതിപ്പട്ടികയിൽനിന്ന് അജിത് പവാറിനെ ഒഴിവാക്കിയിരുന്നു. ഇഒഡബ്ല്യു കേസിൽ 2020ൽ തന്നെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും ഇഡിയുടെ എതിർവാദം കേട്ട കോടതി അതു തള്ളുകയായിരുന്നു. റിപ്പോർട്ട് സ്വീകരിക്കണോ, അന്വേഷണം തുടരണോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കണം. 

Eng­lish Summary:Corruption case against Ajit Pawar is withdrawn
You may also like this video

Exit mobile version