Site iconSite icon Janayugom Online

അഴിമതിക്കേസ്: മലേഷ്യൻ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് കുറ്റക്കാരന്‍

അഴിമതിക്കേസില്‍ മലേഷ്യൻ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് കുറ്റക്കാരന്‍. അധികാര ദുർവിനിയോഗം നടത്തിയതിന് മൂന്ന് കേസുകളിൽ കുറ്റക്കാരനാണെന്ന് ക്വാലാലംപൂര്‍ ഹെെക്കോടതിയാണ് കണ്ടെത്തിയത്. മലേഷ്യന്‍ ഡെവലപ്പ്മെന്റ് ബെര്‍ഹാഡ് (1എംഡിബി) ഫണ്ടില്‍ നിന്ന് 700 മില്യൺ ഡോളറിലധികം സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നാണ് നജീബിനെതിരെയുള്ള കുറ്റം. 2009 മുതൽ 2018 വരെ പ്രധാനമന്ത്രിയായിരുന്ന നജീബ്, 2018 ൽ തന്റെ സർക്കാരിന്റെ പരാജയത്തിന് കാരണമായ 1എംഡിബി അഴിമതിയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 

1എംഡിബിയുടെ മുന്‍ യൂണിറ്റായ എസ്ആര്‍സി ഇന്റർനാഷണലിൽ നിന്ന് തന്റെ അക്കൗണ്ടുകളിലേക്ക് 42 മില്യൺ റിംഗിറ്റ് (10.3 മില്യൺ ഡോളർ) നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട അധികാര ദുർവിനിയോഗം, ക്രിമിനൽ വിശ്വാസ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് 2020 ൽ അദ്ദേഹത്തിന് 12 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. അന്തിമ അപ്പീലിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2022 ഓഗസ്റ്റ് മുതല്‍ ശിക്ഷ അനുവഭിക്കുകയാണ്. ജയിലിൽ അടയ്ക്കപ്പെടുന്ന മലേഷ്യയുടെ ആദ്യത്തെ മുൻ പ്രധാനമന്ത്രിയാണ് നജീബ് റസാക്ക്. ഭരണാധികാരികൾക്ക് ദയാഹർജി നൽകുന്നതിനെക്കുറിച്ച് ഉപദേശിക്കുന്ന സമിതി, 2024 ൽ അദ്ദേഹത്തിന്റെ ശിക്ഷ പകുതിയായി കുറച്ചു.

2009ൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നജീബ് 1എംഡിബി സ്ഥാപിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ ധനമന്ത്രി എന്ന നിലയിൽ വീറ്റോ അധികാരം വഹിച്ചിരുന്ന അദ്ദേഹം 1എംഡിബി ഉപദേശക സമിതിയുടെ അധ്യക്ഷനായിരുന്നു. അഴിമതി കേസ് ആഗോള വിപണികളിൽ അലയടിക്കുകയും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും അന്വേഷണങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. 2009 നും 2014 നും ഇടയിൽ, നജീബിന്റെ ഉന്നത എക്സിക്യൂട്ടീവുകളും കൂട്ടാളികളും ഫണ്ടിൽ നിന്ന് 4.5 ബില്യൺ ഡോളറിലധികം കൊള്ളയടിച്ചു, യുഎസ്, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലൂടെ ഈ പണം വെളുപ്പിച്ചതായി യുഎസ് നീതിന്യായ കണ്ടെത്തിയിരുന്നു. 

Exit mobile version