Site iconSite icon Janayugom Online

ഇന്ത്യയില്‍ അഴിമതി കൂടി

ലോകത്തിലെ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്. 180 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 2024ലെ കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡക്സില്‍ (സിപിഐ) ഇന്ത്യയുടെ സ്ഥാനം 96 ആയി കുറഞ്ഞു. 2023ല്‍ 93-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ബെർലിൻ ആസ്ഥാനമായുള്ള ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലാണ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. അഴിമതി ഒരു പ്രധാന ആഗോള പ്രശ്‌നമായി തന്നെ തുടരുകയാണെന്ന് 2024ലെ സിപിഐ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. പൊതുമേഖലയിൽ നടക്കുന്ന അഴിമതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മൂല്യനിർണയത്തിൽ പൂജ്യം മുതൽ 100 ​​വരെയുള്ള സ്കാേറുകൾ നൽകിയാണ് റാങ്കിങ് നടത്തിയിരിക്കുന്നത്. ഉയർന്ന സ്കോര്‍ ശുദ്ധമായ പൊതുമേഖലയെയും, കുറഞ്ഞ സ്കോര്‍ കൂടുതൽ അഴിമതിയെ പ്രതിഫലിപ്പിക്കുന്നു. 2012 മുതല്‍ അഴിമതി കുറയ്ക്കുന്നതില്‍ 32 രാജ്യങ്ങള്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, അതേ കാലയളവില്‍ ഇന്ത്യ ഉള്‍പ്പെടെ 148 രാജ്യങ്ങളില്‍ അഴിമതിയുടെ അളവ് വര്‍ധിച്ചു. ആഗോള ശരാശരി സ്കാേര്‍ 43ല്‍ തന്നെ തുടരുകയാണ്. മൂന്നില്‍ രണ്ട് രാജ്യങ്ങളും 50ല്‍ താഴെയാണ് സ്കോര്‍ നേടിയത്. ലോകജനസംഖ്യയുടെ ഏകദേശം 85 ശതമാനം, അഥവാ 680 കോടി ആളുകള്‍ അഴിമതിയുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നുവെന്നാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

2024ല്‍ ഇന്ത്യയുടെ സ്കോര്‍ 38 ആണ്. 2023ല്‍ 39, 2022ല്‍ 40 ആയിരുന്നു. പുതിയ പട്ടികയില്‍ മാലി, ലൈബീരിയ, ഗാബോൺ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. അയല്‍രാജ്യങ്ങളില്‍ ചൈന 42 സ്കോറുമായി 76-ാം സ്ഥാനത്താണ്. 27 സ്കോറുമായി പാകിസ്ഥാൻ 135-ാം സ്ഥാനത്തും ബംഗ്ലാദേശ് 23 പോയിന്റുമായി 151-ാം സ്ഥാനത്തും ശ്രീലങ്ക 32 പോയിന്റുമായി 121-ാം സ്ഥാനത്തും തുടരുന്നു.
താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാൻ 17 പോയിന്റുകൾ നേടി 165-ാം സ്ഥാനത്താണ്. എട്ട് സ്കോറുകള്‍ മാത്രം നേടിയ ദക്ഷിണ സുഡാനാണ് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യം. സൊമാലിയ, വെനസ്വേല, സിറിയ എന്നിവയും അഴിമതിയുടെ കാര്യത്തില്‍ മുൻനിരയിലുണ്ട്.
നൂറിൽ 90 സ്കോർ നേടിയ ഡെന്മാർക്ക് തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി മാറി. ഫിന്‍ലാന്‍ഡ് (88), സിംഗപ്പൂര്‍ (84) എന്നിവ തൊട്ടുപിന്നിലുണ്ട്. ന്യൂസിലാന്‍ഡ് (83), ലക്‌സംബര്‍ഗ് (81), നോര്‍വേ (81), സ്വിറ്റ്സര്‍ലന്‍ഡ് (81), സ്വീഡന്‍ (80), നെതര്‍ലാന്‍ഡ്സ് (78), ഓസ്ട്രേലിയ (77) എന്നിവയും അഴിമതി കുറഞ്ഞ ആദ്യ 10 രാജ്യങ്ങളില്‍ ഇടം നേടി.
അമേരിക്ക, റഷ്യ, ഫ്രാൻസ് തുടങ്ങിയ ലോകത്തെ മുൻനിര രാജ്യങ്ങളും ഒരു ദശാബ്ദത്തിലേറെയായി ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ 24 സ്ഥാനത്തായിരുന്ന യുഎസ് 28 ലേക്ക് താഴ്ന്നു. സ്കോര്‍ 69 പോയിന്റിൽ നിന്ന് 65 ലേക്ക് ഇടിഞ്ഞു. ഫ്രാൻസ് അഞ്ച് സ്ഥാനങ്ങൾ കുറഞ്ഞ് 25-ാം സ്ഥാനത്തായി. സ്കോര്‍ നാല് പോയിന്റ് കുറഞ്ഞ് 67 രേഖപ്പെടുത്തി. മൂന്ന് പോയിന്റ് താഴ്ന്ന് സ്കോര്‍ 75 ലെത്തിയ ജർമ്മനി റാങ്കിങില്‍ ആറ് സ്ഥാനങ്ങൾ കുറഞ്ഞ് 15-ാം സ്ഥാനത്തായി.

Exit mobile version