ദുരന്തത്തിൽ ഉള്ളുരുകുന്നവർക്ക് ആശ്വാസമേകുകയാണ് സൈക്കോ സോഷ്യൽ കൗൺസിലർമാർ. ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്കും അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാത്തവർക്കും സാമൂഹ്യ മാനസിക പിന്തുണ നൽകുകയാണ് ഇവരുടെ ലക്ഷ്യം. ദുരന്തമേഖലയിലെ 17 ക്യാമ്പുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗൺസിലിങ് സെന്ററുകൾ സജീവമാണ്.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും രാഷ്ട്രീയ് കിഷോർ സ്വാസ്ഥ്യ കാര്യക്രമിന്റെയും കൗൺസിലർമാർ, സ്കൂൾ കൗൺസിലർമാർ, സന്നദ്ധ സംഘടനാ കൗൺസിലർമാർ ഉൾപ്പെടെ 150 ഓളം സാമൂഹ്യ മാനസികാരോഗ്യകൗൺസിലർമാരും വിദഗ്‌ധരുമാണ് രംഗത്തുള്ളത്. രണ്ടായിരത്തിലധികം വ്യക്തിഗത സൈക്കോ സോഷ്യൽ കൗൺസിലിങ്ങും 21 സൈക്യാട്രിക് ഫാർമക്കോതെറാപ്പിയും 402 പേർക്ക് ഗ്രൂപ്പ് കൗൺസിലിങ്ങ് സെഷനുകളും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇതിനകം നൽകിക്കഴിഞ്ഞു.
ദുരന്തനിവാരണ സെൽ (കൗൺസിലിങ്) നോഡൽ ഓഫിസറും ജില്ലാ സാമൂഹ്യനീതി ഓഫിസറുമായ കെ കെ പ്രജിത്തിന്റെ നേതൃത്വത്തിൽ ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം, വനിതാശിശു വികസന, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളും കുടുംബശ്രീ മിഷനുമാണ് കൗൺസിലിങ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മാനസിക സംഘർഷങ്ങളോ പ്രശ്നങ്ങളോ ഉള്ളവർക്ക് ടെലിഫോൺ കൗൺസിലിങ്ങിനായി 18002331533, 18002335588 ടോൾ ഫ്രീ നമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്.
English Summary: Councilors comforted in Wayanad disaster
You may also like this video