Site icon Janayugom Online

വോട്ടെണ്ണല്‍ സ്വതന്ത്രമാകണം: ആവശ്യമുന്നയിച്ച് പൗരസംഘടനകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ സുതാര്യവും സ്വതന്ത്രവും ആയിരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 120 പൗരസംഘടനകള്‍ എല്ലാ റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും കത്തെഴുതി. മേയ് 21ന് ബംഗളൂരുവില്‍ ചേര്‍ന്ന പൗരസംഘടനകളുടെയും ഇന്ത്യ സഖ്യത്തിന്റെയും യോഗത്തിലാണ് കത്ത് തയ്യാറാക്കിയത്. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വീഴ്ചവരുത്തുകയും സുപ്രീം കോടതി അതില്‍ ഉടനടി ഇടപെടാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ വോട്ടെടുപ്പ് നടപടികള്‍ അട്ടിമറിക്കരുതെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടെന്ന് യോഗത്തിന്റെ സംഘാടക സമിതി അംഗവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം ജി ദേവസഹായം അഭിപ്രായപ്പെട്ടു. 

ആകെ പോള്‍ ചെയ്ത വോട്ടുകളും ഫോം 17 സിയിലെ കണക്കുകളും തമ്മിലുള്ള വോട്ടിങ് ശതമാനം അടങ്ങുന്ന ഫോം ബി നല്‍കുന്നതും വോട്ടെണ്ണുന്നതിന് മുമ്പ് ഫോം 17 സിയില്‍ പറയുന്ന പോള്‍ ചെയ്ത വോട്ടുകളും റിട്ടേണിങ് ഓഫീസര്‍മാരുടെ പക്കലുള്ള വോട്ടുകളുടയും കണക്ക് ഒരേ പോലെയാണോ എന്നതും ഉറപ്പാക്കണം, ഓരോ ബൂത്തിലെ ഇവിഎമ്മിലും കാണിക്കുന്ന വോട്ടുകളുടെ എണ്ണവും ഫോം 17 സിയില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും ഒന്നാണോ എന്ന് ഉറപ്പുവരുത്തണം. 

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണുന്നതിന് മുമ്പ്, സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയെന്നും വോട്ടെണ്ണല്‍ നടപടികളെല്ലാം ചിത്രീകരിക്കുകയും റെക്കോഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം. ഇവിഎമ്മുകള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകള്‍ അതീവ സുരക്ഷിതമായി സംരക്ഷിക്കുന്നുണ്ടെന്നും സുപ്രീം കോടതി ഉത്തരവനുസരിച്ച് സിംബല്‍ ലോഡിങ് യൂണിറ്റുകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നുണ്ടെന്നും കൃത്യമായ പരിശോധനയും സൂക്ഷ്മപരിശോധനയും ഇല്ലാതെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നില്ലെന്നും ഉറപ്പാക്കണം. കാരണം കൃത്യമായ സ്ഥിരീകരണമാണ് ജനാധിപത്യത്തിന്റെ കാതല്‍, അതില്ലെങ്കില്‍ പൊതുജനത്തിന് തെരഞ്ഞെടുപ്പുകളോട് വിശ്വാസം ഉണ്ടാകില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ ബൂത്തിലും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങളുള്ള ഫോം 17 സി എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Eng­lish Summary:Counting must be free: Civ­il soci­ety demands
You may also like this video

Exit mobile version