Site icon Janayugom Online

പുതുതലമുറയ്ക്ക് സിഗററ്റ് നിരോധനമേര്‍പ്പെടുത്തി ഈ രാജ്യം: സിഗററ്റ് വലിക്കുന്നത് ശിക്ഷാര്‍ഹമാകും

smoking Cigarettes tobacco in hand with a soft-focus. concept quit Cigarettes are dangerous to health.

പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് സിഗററ്റ് നല്‍കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കി ന്യൂസിലന്‍ഡ് പാര്‍ലമെന്റ്. ഇതോടെ സിഗറ്റിന് നിരോധനമേര്‍പ്പെടുത്തുന്ന ആദ്യ രാജ്യമെന്ന ഖ്യാതി ന്യൂസിലന്‍ഡിന് സ്വന്തം.

യുവാക്കൾക്ക് സിഗരറ്റ് വാങ്ങുന്നതിന് ആജീവനാന്ത നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ് ബില്‍ പാസാക്കിയിരിക്കുന്നത്. 2009 ജനുവരി 1നോ അതിനു ശേഷമോ ജനിച്ച ആർക്കും പുകയില വിൽക്കാൻ പാടില്ലെന്നാണ് നിയമം. പുകയില പുകവലി ഘട്ടം ഘട്ടമായി നിർത്താനുള്ള സവിശേഷ പദ്ധതികൂടിയാണിത്. 50 വർഷം കഴിഞ്ഞ് ഒരു പായ്ക്ക് സിഗരറ്റ് വാങ്ങാൻ ശ്രമിക്കുന്ന ഒരാൾക്ക് കുറഞ്ഞത് 63 വയസ്സ് പ്രായമുണ്ടെന്ന് കാണിക്കാൻ ഐഡി ആവശ്യമാണ്. എന്നാൽ അതിനുമുമ്പ് പുകവലി ഇല്ലാതാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. 2025ഓടെ ന്യൂസിലൻഡിനെ പുകവലി രഹിതമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നിരോധനം. 43നെതിരെ 76 വോട്ടിനാണ് ബിൽ ന്യൂസിലൻഡ് പാർലമെന്റ് പാസാക്കിയത്.

പുകയില വിൽക്കാൻ അനുവദനീയമായ ചില്ലറ വ്യാപാരികളുടെ എണ്ണം 6,000 ൽ നിന്ന് 600 ആക്കുമെന്നും സിഗററ്റില്‍ അനുവദനീയമായ നിക്കോട്ടിന്റെ അളവ് കുറക്കുമെന്നും നിയമത്തില്‍ പറയുന്നു. “ഉപയോഗിക്കുന്ന പകുതി ആളുകളെ കൊല്ലുന്ന ഒരു ഉൽപ്പന്നം വിൽക്കാൻ അനുവദിക്കുന്നത് അത്ര കാര്യമല്ലെന്ന് ആരോഗ്യ സഹമന്ത്രി ഡോ. ആയിഷ വെറാൾ പറഞ്ഞു. ക്യാൻസർ, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ പുകവലി മൂലമുണ്ടാകുന്ന രോഗങ്ങൾ ചികിത്സിക്കേണ്ടതില്ല എന്നതിൽ നിന്ന് ഭാവിയില്‍ ആരോഗ്യ സംവിധാനം കോടിക്കണക്കിന് ഡോളർ ലാഭിക്കുമെന്ന് അവർ പറഞ്ഞു. പുതിയ ബിൽ തലമുറയില്‍ മാറ്റം സൃഷ്ടിക്കുമെന്നും യുവാക്കൾക്ക് മെച്ചപ്പെട്ട ആരോഗ്യത്തിന്റെ പാരമ്പര്യം നൽകുമെന്നും അവർ പറഞ്ഞു.

അതേസമയം ബില്‍ മോശപ്പെട്ടതാണെന്നും നിരവധി ചെറുകിട വ്യാപാരികളുടെ ബിസിനസിന് തിരിച്ചടിയാകുമെന്നും ആരോപണമുയര്‍ന്നു. അതേസമയം ന്യൂസിലാൻഡിൽ പുകവലിയേക്കാൾ പ്രചാരം നേടിയ ഇ സിഗററ്റിനെ നിയമം ബാധിക്കില്ല.

ന്യൂസിലൻഡിലെ മുതിർന്നവരിൽ 8% ദിവസവും പുകവലിക്കുന്നവരാണ്. പത്ത് വർഷം മുമ്പ് ഇത് 16% ആയിരുന്നു. സമീപ വർഷങ്ങളിൽ ന്യൂസിലൻഡും സിഗരറ്റിന് വൻ നികുതി വർദ്ധനവ് ഏർപ്പെടുത്തിയിട്ടുണ്ട്. നിയമമാറ്റത്തെ നിരവധി ആരോഗ്യ ഏജൻസികൾ സ്വാഗതം ചെയ്തു. ആരോഗ്യ, കമ്മ്യൂണിറ്റി സംഘടനകൾ പതിറ്റാണ്ടുകളായി നടത്തിയ കഠിനമായ പോരാട്ടത്തിന്റെ ഫലമാണ് പുതിയ നിയമം പ്രതിനിധീകരിക്കുന്നതെന്ന് ഹെൽത്ത് കോയലിഷൻ ഓട്ടേറോവ പറഞ്ഞു.

Eng­lish Sum­ma­ry: Coun­try bans cig­a­rettes for new gen­er­a­tion: Smok­ing becomes punishable

You may also like this video

Exit mobile version