Site iconSite icon Janayugom Online

രാജ്യത്തെ ആദ്യ ചിതാഭസ്മ സെമിത്തേരി കണ്ണൂരില്‍

chithabhasmamchithabhasmam

രാജ്യത്ത് ആദ്യമായി ചിതാഭസ്മ (ആഷ്) സെമിത്തേരി നിര്‍മ്മിച്ചുവെന്ന പ്രത്യേകത ഇനി കണ്ണൂര്‍ ജില്ലയ്ക്ക് സ്വന്തം. പരമ്പരാഗത ക്രിസ്തീയ രീതിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതില്‍ വലിയ മാറ്റമുണ്ടായി എന്നതാണ് ഇതിലൂടെ സാധ്യമായത്. ഫെബ്രുവരി നാലിന് കണ്ണൂര്‍ മേലേ ചൊവ്വ കട്ടക്കയം സ്വദേശി ലൈസാമ്മയെ അവരുടെ ആഗ്രഹപ്രകാരം കല്ലറയില്‍ അടക്കം ചെയ്യുന്നതിന് പകരം പൊതുശ്മശാനത്ത് സംസ്കരിച്ചതിലൂടെയാണ് ഇത്തരമൊരാശയം യാഥാര്‍ത്ഥ്യമായത്. മരിച്ചവരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി ദേവാലയത്തില്‍ തന്നെ അവരുടെ ചിതാഭസ്മം സൂക്ഷിക്കാനായി ആഷ് സെമിത്തേരി നിര്‍മ്മിച്ചുവെന്നതാണ് ഇതിലെ പ്രധാന സംഗതി.

കത്തോലിക്ക സഭയുടെ കീഴിലുള്ള കണ്ണൂർ മേലേചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിലാണ് പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നവരുടെ ചിതാഭസ്മം സൂക്ഷിക്കാനായി മാത്രം ‘ഓർമ്മച്ചെപ്പ്’ എന്ന പേരിൽ സെമിത്തേരി നിർമ്മിച്ചത്. പ്രത്യേക അറകളായാണ് ഇതിന്റെ നിർമ്മാണം. അതിലൊന്നില്‍ ആദ്യമായി ലൈസാമ്മയുടെ ചിതാഭസ്മം തന്നെയാണ് സൂക്ഷിക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ആഷ് സെമിത്തേരികൾ വ്യാപകമാണെങ്കിലും രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു സെമിത്തേരി.

കല്ലറയിൽ അടക്കം ചെയ്യുന്ന പരമ്പരാഗത ക്രിസ്തീയ രീതി ഒഴിവാക്കി തന്റെ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്കരിക്കണമെന്നത് ലൈസാമ്മയുടെ ആഗ്രഹമായിരുന്നു. അത് നിറവേറ്റിയതിനൊപ്പമാണ് ആഷ് സെമിത്തേരിയിൽ മറ്റൊരു ചരിത്രത്തിനുകൂടി നിയോഗമായത്. ഉത്തരമലബാറിലെ കത്തോലിക്ക സഭാവിശ്വാസികളില്‍ ആദ്യമായി ശ്മശാനത്തിൽ ദഹിപ്പിക്കുന്നത് ലൈസാമ്മയെയാണ്. കല്ലറയിൽ അടക്കുന്നതിനു പകരം ചിതയിൽ ദഹിപ്പിക്കാമെന്ന് കത്തോലിക്കാസഭയും തീരുമാനമെടുത്തിട്ടുണ്ടെങ്കിലും അത് വ്യാപകമായിട്ടില്ല.

പൊതുശ്മശാനത്തിൽ ദഹിപ്പിച്ച ശേഷം ലൈസാമ്മയുടെ മരണാനന്തര ചടങ്ങ് പള്ളിയിലാണ് നടത്തിയത്. തുടർന്നാണ് ചിതാഭസ്മം ആഷ് സെമിത്തേരിയിലേക്ക് മാറ്റിയത്. ഇവിടെ ബന്ധുക്കൾക്ക് മെഴുകുതിരി തെളിക്കാനും പ്രാർത്ഥിക്കാനും സൗകര്യമുണ്ട്. തന്റെ മരണശേഷം മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കണമെന്നാണ് ലൈസാമ്മയുടെ ഭർത്താവ് സെബാസ്റ്റ്യന്റെയും ആഗ്രഹം.

Eng­lish Sum­ma­ry: Coun­try’s first cre­ma­tion ceme­tery in Kannur

You may also  like this video

Exit mobile version