Site iconSite icon Janayugom Online

അട്ടിമറിക്കേസ്: ബോള്‍സൊനാരോ ജയിലില്‍, 27 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചു തുടങ്ങി

അട്ടിമറിക്കേസില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ‍്ര്‍ ബോള്‍സൊനാരോ 27 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുതുടങ്ങി. മുൻകൂർ അറസ്റ്റ് ചെയ്യപ്പെട്ട ബോൾസൊനാരോയെ ജയിലിലേക്കയ്ക്കാന്‍ കേസ് പരിഗണിച്ച സുപ്രീം കോടതി ജഡ്ജി അലക്സാണ്ടര്‍ ഡി മൊറേസ് വിധിക്കുകയായിരുന്നു. ശിക്ഷയ്‌ക്കെതിരായ എല്ലാ അപ്പീലുകളിലും കോടതി തള്ളി. മറ്റൊരു അപ്പീലിനും നിയമപരമായ സാധ്യതയില്ലെന്നും ജഡ്ജി വ്യക്തമാക്കി. ഓഗസ്റ്റ് മുതൽ വീട്ടുതടങ്കലിലായിരുന്ന ബോള്‍സൊനാരോയെ, ശരീരത്ത് ഘടിപ്പിച്ചിരുന്ന നിരീക്ഷണ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ചതിനു പിന്നാലെയായിരുന്നു മുന്‍കൂര്‍ അറസ്റ്റ് ചെയ്തത്. ബ്രസീലിലെ മറ്റുരാജ്യങ്ങളുടെ എംബസികളില്‍ രാഷ്ട്രീയ അഭയം തേടാനുള്ള സാധ്യത കണക്കിലെടുത്താണ് കോടതി അറസ്റ്റിന് ഉത്തരവിട്ടത്.
ജയിലില്‍ വിഐപികള്‍ക്കായുള്ള മുറിയിലാകും ബോള്‍സൊനാരോയെ പാര്‍പ്പിക്കുക. 12 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മുറിയില്‍ കിടക്ക, കുളിമുറി, എയര്‍ കണ്ടീഷണര്‍, ടിവി, മേശ എന്നിവയുണ്ടാകും. ഡോക്ടർമാര്‍ക്കും അഭിഭാഷകര്‍ക്കുമാണ് സന്ദര്‍ശനാനുമതി. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. ബോള്‍സൊനാരോയുടെ മോശം ആരോഗ്യസ്ഥിതി പരിഗണിച്ച് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കണമെന്ന ഹര്‍ജി വീണ്ടും സമര്‍പ്പിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. വിഷയത്തില്‍ സുപ്രീം കോടതി നേരത്തെ വിധിപ്രസ്താവിച്ചിരുന്നെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനം പരിഷ്കരിച്ചേക്കാം. അതേസമയം, സുപ്രീം കോടതി കെട്ടിടത്തിനു പുറത്ത് ബോള്‍സൊനാരോയുടെ അനുയായികള്‍ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു.
2022ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അധികാരം നിലനിര്‍ത്താന്‍ ബോൾസോനാരോ നടത്തിയ അട്ടിമറി ശ്രമങ്ങളാണ് കേസിനാധാരം. ലൂയിസ് ഇനാസിയോ ലുല ഡ സിൽവ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും, ക്രിമിനൽ സംഘങ്ങളെ നയിക്കുകയും ചെയ്തതടക്കം അഞ്ച് കുറ്റങ്ങൾ അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ലുല, വൈസ് പ്രസിഡന്റ് ജെറാൾഡോ ആൽക്മിൻ, ജസ്റ്റിസ് ഡി മൊറേസ് എന്നിവര്‍ക്കെതിരായ വധശ്രമവും ഇതില്‍ ഉള്‍പ്പെടുന്നു. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു ബോള്‍സൊനാരോയുടെ വാദം. . അദ്ദേഹത്തിന്റെ അടുത്ത അനുയായിയും യുഎസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് കേസിനെ വേട്ടയാടൽ എന്നാണ് വിശേഷിപ്പിച്ചിരുന്ന്. കേസ് പിന്‍വലിക്കാന്‍ ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50% നികുതി ചുമത്തി ലുലയെ സമ്മര്‍ദത്തിലാക്കാനും ട്രംപ് ശ്രമിച്ചു. എന്നാല്‍ രാജ്യത്തെ നിയമവാഴ്ചയെ മറികടന്ന് തീരുമാനങ്ങളെടുക്കില്ലെന്നായിരുന്നു ലുലയുടെ നിലപാട്.

Exit mobile version