സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മറിയപ്പള്ളി പള്ളത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തൻമഠം വീട്ടിൽ സുദർശനൻ (റിട്ട.മിലിട്ടറി, 67), ഭാര്യ ഷൈലജ (57) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.15 ഓടെ എം.സി റോഡിൽ മറിയപ്പള്ളി നാട്ടകം ഭാഗത്തായിരുന്നു അപകടം. ഷൈലജയുടെ സഹോദരന്റെ മകളുടെ കല്യാണ ഒരുക്കങ്ങൾക്കായി മറിയപ്പള്ളിയിലെ കുടുംബവീട്ടിൽ പോയി മടങ്ങിവരവെയാണ് അപകടം. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ തിരുവല്ലയിൽ നിന്നും എത്തിയ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായ പരിക്കേറ്റ ഇവരെ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യാത്രാമധ്യേ ഷൈലജയുടെ മരണം സംഭവിച്ചിരുന്നു. സുദർശനന്റെ പരിക്ക് ഗുരുതരമായതിനെ തുടർന്ന്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഷൈലജയുടെ മൃതദേഹം ജനറൽ ആശുപത്രിയിലും സുദർശനന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലും. എം.സി റോഡിൽ ചിങ്ങവനം പുത്തൻപാലം മുതൽ മറിയപ്പള്ളി നാട്ടകം ഭാഗം വരെ ചെറുതും വലുതുമായ അപകടങ്ങൾ പതിവാണെന്നും നിരവധി മരണങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മക്കൾ: ശരത്, സുധീഷ് (ഇരുവരും ദുബായ്). മരുമക്കൾ: അഞ്ജലി, നിമിഷ. സംസ്‌കാരം ഇന്ന് വൈകുന്നേരം.
English Summary: couple die in accident
You may also like