Site iconSite icon Janayugom Online

നെതാന്യാഹുവിനെതിരെപാര്‍ലമെന്റില്‍ കൂവല്‍; പ്രസംഗം തടസപ്പെടുത്തി ബന്ദികളുടെ കുടുംബാംഗങ്ങള്‍

പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ കൂവിയും,പ്രസംഗം തടസപ്പെടുത്തിയും ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ബന്ധുക്കള്‍. ബന്ദികളെ തിരികെ കൊണ്ടുവരുമെന്ന് നെതന്യാഹു പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയപ്പോള്‍ ഇപ്പോള്‍, ഇപ്പോള്‍ എന്ന് ബന്ദികളുടെ ബന്ധുക്കള്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ബന്ദികളെ കൊണ്ടുവരാൻ ഇസ്രയേലി സേന കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നെതന്യാഹു പാർലമെന്റിൽ പറഞ്ഞു.

സൈനിക സമ്മർദമില്ലാതെ ഇതുവരെ 100ലധികം ബന്ദികളെ മോചിപ്പിക്കുന്നതിൽ നമ്മൾ വിജയിക്കുമായിരുന്നില്ല. സൈനിക സമ്മർദമില്ലാതെ മുഴുവൻ ബന്ദികളെയും മോചിപ്പിക്കാനും നമുക്ക് സാധിക്കില്ല,നെതന്യാഹു പറഞ്ഞുനവംബർ അവസാന വാരം ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ഉടമ്പടി പ്രകാരം ആകെയുള്ള 240 ബന്ദികളിൽ 100ലധികം ആളുകളെ മോചിപ്പിച്ചിരുന്നു.

129 ബന്ദികൾ ഇപ്പോഴും ഗാസയില്‍ ഉണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇതിൽ മൂന്നു പേരെ ഇസ്രയേലി സേന ഈ മാസം തുടക്കത്തിൽ അബദ്ധത്തിൽ കൊലപ്പെടുത്തിയിരുന്നു. ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ കുടുംബാംഗങ്ങളുടെ ഫോട്ടോ ഉൾപ്പെടുന്ന പോസ്റ്ററുകൾ കൈയിൽ പിടിച്ച് ഗാലറിയിൽ ഉണ്ടായിരുന്ന ബന്ധുക്കൾ നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തികൊണ്ട് പ്രതിഷേധം നടത്തി.

കഴിഞ്ഞദിവസം ഗസ സന്ദർശിച്ച നെതന്യാഹു ഇസ്രയേലി ആക്രമണങ്ങൾ വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഫെബ്രുവരി വരെ തുടരുമെന്ന് കണക്കാക്കുന്ന യുദ്ധത്തിൽ 2024 ബജറ്റിൽ 14 ബില്യൺ യുഎസ് ഡോളർ അധികം വക ഇരുത്തേണ്ടി വരുമെന്ന് ഇസ്രയേലി ധനകാര്യ മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Courage in Par­lia­ment against Netanyahu; Fam­i­ly mem­bers of the hostages blocked the speech

You may also like this video:

YouTube video player
Exit mobile version