വ്യാജരേഖക്കേസില്‍ കെ വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാര്‍കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണം.വ്യാജരേഖ തയാറാക്കിയതായി കെ.വിദ്യ സമ്മതിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. വ്യാജസീൽ കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് കേസെടുത്തതിന് പിന്നാലെ വിദ്യ ഇതിന്റെ ഒറിജിനൽ നശിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. സീലും അനുബന്ധ രേഖകളും നിർമിച്ചത് ഓൺലൈനായെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
വ്യാജ പ്രവൃത്തി സർട്ടിഫിക്കറ്റ് കേസിലാണ് മുൻഎസ്എഫ്ഐ നേതാവ് കെ.വിദ്യ അറസ്റ്റിലായത്. ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളിപൊലീസ് വിദ്യയെ പിടികൂടുന്നത്. കാലടി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്‌ചറർ തസ്‌തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. മഹാരാജാസ് കോളജ് പ്രിൻസിപ്പല്‍ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജൂൺ 6ന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.
english summary;Court bails K Vidya
you may also like this video;