Site iconSite icon Janayugom Online

വീണ്ടും മാപ്പപേക്ഷിച്ച് പതഞ്ജലി; നിങ്ങള്‍ അത്ര കണ്ട് നിഷ്കളങ്കരല്ല, രാംദേവിനെ കുടഞ്ഞ് കോടതി

നിങ്ങള്‍ അത്ര കണ്ട് നിഷ്കളങ്കരല്ല. കുരുക്കില്‍ നിന്നും മുക്തരായെന്നും കരുതേണ്ട. കോടതി അലക്ഷ്യ കേസില്‍ നേരിട്ട് ഹാജരായി ബെഞ്ചിനു മുന്നില്‍ കൈകള്‍ കൂപ്പി നടത്തിയ മാപ്പ് പറച്ചിലിന് പതഞ്ജലി പ്രമോട്ടര്‍മാരായ രാംദേവിനോടും ബാലകൃഷ്ണയോടും സുപ്രീം കോടതിയുടെ പ്രതികരണം ഇതായിരുന്നു. ജസ്റ്റിസുമാരായ ഹിമ കോലി, എ അമാനുള്ള എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അലോപ്പതി ചികിത്സാ സമ്പ്രദായത്തെ ഇകഴ‌്ത്തിയുള്ളതായിരുന്നു പതഞ്ജലിയുടെയും ബാബാ രാം ദേവിന്റെയും പ്രസ്താവനകളും പരസ്യങ്ങളും. കോവിഡ് മുക്തിക്കായി പതഞ്ജലിയുടെ കൊറോണില്‍ ഫലപ്രദമെന്ന തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷവും പതഞ്ജലിയും രാംദേവും മുന്‍ നിലപാടുമായി മുന്നോട്ടു പോകുകയും വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് അവകാശ വാദങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തതാണ് കോടതി അലക്ഷ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

കോടതി അലക്ഷ്യ കേസില്‍ ഇരുവരും നേരത്തെ മാപ്പപേക്ഷ നടത്തിയെങ്കിലും അത് ബെഞ്ച് തള്ളുകയാണുണ്ടായത്. രാം ദേവും പതഞ്ജലി സിഇഒ ബാലകൃഷ്ണയും നേരിട്ടെത്തി ബെഞ്ചിനു മുന്നില്‍ മാപ്പ് ആവര്‍ത്തിച്ചു. ബെഞ്ച് ഇരുവരുമായും വ്യക്തിപരമായി ആശയ വിനിമയം നടത്തുകയും ചെയ്തു. ഈ അവസരത്തിലാണ് മാപ്പപേക്ഷ സംബന്ധിച്ച് കോടതി നിലപാട് വ്യക്തമാക്കിയത്. മാപ്പ് നല്‍കുമെന്ന് പറയുന്നില്ല. എന്നാല്‍ മാപ്പ് പരിഗണിക്കും. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയില്ലെന്ന പരാമര്‍ശം നിങ്ങളുടെ മുന്‍കാല ചരിത്രം കൂടി പരിഗണിച്ചു വേണം വിലയിരുത്താനെന്നും ബെഞ്ചില്‍ അധ്യക്ഷത വഹിച്ച ജസ്റ്റിസ് ഹിമാ കോലി വ്യക്തമാക്കി. കേസ് ഈ മാസം 23ന് കോടതി വീണ്ടും പരിഗണിക്കും. 

Eng­lish Sum­ma­ry: court criti­size baba ramdev on patan­jali case

You may also like this video

Exit mobile version