Site iconSite icon Janayugom Online

കള്ളപ്പണക്കേസ്: പാക് പ്രധാനമന്ത്രിയുടെ മകന്റെ ബാങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ മകന്‍ സുലെമാന്‍ ഷഹബാസുമായി ബന്ധമുള്ള വിവിധ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പാക് കോടതിയുടെ ഉത്തരവ്. ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുലെമാന്‍ ഷെരീഫുമായി ബന്ധമുള്ള വിവിധ കമ്പനികളുടെ 13 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ പ്രത്യേക കോടതി ഉത്തരവിട്ടത്. സുലെമാന്‍ നിലവില്‍ ഒളിവിലാണ്. കോടതിയില്‍ കീഴടങ്ങാത്ത സാഹചര്യത്തില്‍ സുലെമാന്റെ സ്ഥാവര ജംഗമ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകള്‍ക്കൊപ്പം മരവിപ്പിച്ചു.

കള്ളപ്പണക്കേസിലെ മറ്റ് രണ്ട് പ്രതികളുടെ ഉടമസ്ഥതയിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ് പാലിക്കാത്തതിന് വിവിധ ബാങ്കുകളുടെ ഉദ്യോഗസ്ഥര്‍ക്ക് കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ഷഹബാസ് ഷെരീഫിന്റെയും മകന്റെയും ഹര്‍ജി പരിഗണിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകാനും ബാങ്ക് ഉദ്യോഗസ്ഥരോട് കോടതി നിര്‍ദ്ദേശിച്ചു.
ഷഹബാസ് ഷെരീഫിനും മക്കളായ ഹംസ ഷഹബാസിനും സുലെമാനുമെതിരെ 1400 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് നേരത്തെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കേസെടുത്തിരുന്നു. 2019 മുതല്‍ സുലെമാന്‍ ഷഹബാസ് ബ്രിട്ടനില്‍ ഒളിവിലാണ്. തനിക്കെതിരെ ഒരു രൂപയുടെ അഴിമതി പോലും തെളിയിക്കാന്‍ എഫ്ഐഎയ്ക്ക് സാധിക്കില്ലെന്ന് ഷെഹബാസ് ഷെരീഫ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Court freez­ing of bank accounts of Pak PM’s son
You may also like this video

Exit mobile version