Site iconSite icon Janayugom Online

സംഘ്കാലത്തെ നീതിപീഠങ്ങൾ

‘നിയമത്തെ താഴെവീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താതെ നിലനിർത്തുന്ന സംവിധാനം’ എന്നാണ് ജുഡീഷ്യറിയെ നിർവചിക്കാറുള്ളത്. നിയമനിർമ്മാണസഭയേയും നിയമം നടപ്പിലാക്കുന്ന എക്സിക്യൂട്ടീവിനെയും നേർവഴിക്ക് നടത്താനും ആവശ്യമെങ്കിൽ നിയന്ത്രിക്കാനും അധികാരമുള്ള സ്ഥാപനമാണത്. ഇത്രയേറെ ഉത്തരവാദപ്പെട്ട ഒരു ഭരണഘടനാ സംവിധാനം സ്വന്തം നിലയിൽതന്നെ കുത്തഴിഞ്ഞതിന്റെയും ഭരണവർഗത്തിന് വിധേയപ്പെടുന്നതിന്റെയും കഥകളാണ് സമീപകാലങ്ങളിൽ കേൾക്കുന്നത്. അതിന് അടിവരയിടാൻ പാകത്തിൽ രണ്ട് ഇടപെടലുകളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിൽ രാജ്യത്തെ പരമോന്നത കോടതിയിൽ നിന്നുണ്ടായത്. കർണാടകയിലെ ഹിജാബ് വിവാദത്തിലെ വിരുദ്ധ വിധിയാണ് ആദ്യത്തേത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ട പ്രൊഫ. ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി നടപടിയുടെ സ്റ്റേയാണ് രണ്ടാമത്തേത്.

ഹിജാബ് വിവാദത്തിൽ പൗരസ്വാതന്ത്ര്യം പരിഗണിക്കാതെ മതപരമായ സാംഗത്യം തിരയുന്ന വിചിത്രമായ നടപടിയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയിൽ നിന്നുണ്ടായത്. പ്രാെഫ. സായിബാബയെയും മറ്റ് അഞ്ച് പേരെയും വെറുതെവിട്ട ഹെെക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ വാദം അംഗീകരിച്ചത് സുപ്രീം കോടതിയിലെ ജസ്റ്റിസ് എ ആർ ഷാ, ബേല എ ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ്. പ്രതികളുടെ കുറ്റകൃത്യത്തെ ഹൈക്കോടതി ഗൗരവമായി എടുത്തില്ലെന്നും കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ തീരുമാനമെടുത്തെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കുറ്റവിമുക്തരാക്കിയ വിധി താല്ക്കാലികമായി മരവിപ്പിക്കുകയാണെന്നും വിധിയിൽ വിശദ പരിശോധന വേണമെന്നും ചൂണ്ടിക്കാട്ടിയ കോടതി കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ചു. പ്രതികൾക്ക് ജാമ്യാപേക്ഷ നൽകാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 2014 ലാണ് ഡൽഹി സർവകലാശാല പ്രൊഫസറായ സായിബാബയെ അറസ്റ്റ് ചെയ്തത്. 2012 ൽ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ യോഗത്തിൽ പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു കേസ്. ഗച്ച്റോളിയിലെ പ്രത്യേക കോടതി 2017 ൽ സായിബാബയുള്‍പ്പെടെ ആറ് പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.


ഇതുകൂടി വായിക്കൂ: ഹിന്ദി വാദം നയിക്കുക നിശബ്ദ വംശഹത്യയിലേക്ക്


പോളിയോ ബാധിതനായി ഇരുകാലുകളും തളർന്ന സായിബാബയെ വിട്ടയയ്ക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അർബുദ ബാധിതയായ അമ്മയെ കാണാനോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനോ പോലും ജാമ്യം നല്കിയില്ല. ഒടുവിൽ അഞ്ച് വർഷത്തിനു ശേഷമാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. വിചാരണക്കാലമുൾപ്പെടെ എട്ടുവർഷത്തിലധികം ജയിലിലടച്ച നടപടി മനുഷ്യാവകാശലംഘനമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദേശീയസുരക്ഷയുടെപേരിൽ നീതിനിർവഹണത്തെ ബലിനൽകാനാകില്ലെന്നും ജസ്റ്റിസുമാരായ രോഹിത് ദേവ്, അനിൽ പൻസാരെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. യുഎപിഎ കേസുകളിൽ ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം സമാനകേസുകളിലും നിർണായകമാകുമെന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും വിധിയെ സ്വാഗതംചെയ്തു. ഭരണകൂടം നടത്തുന്ന അടിച്ചമർത്തലിനെതിരെയുള്ള ശക്തമായ വിധിയാണിതെന്ന് സിപിഐ പ്രതികരിച്ചു. രാഷ്ട്രീയത്തടവുകാരെയെല്ലാം വിട്ടയയ്ക്കണമെന്ന് സിപിഐ(എം) ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകരായ ഒട്ടേറെപ്പേർ മോഡി ഭരണത്തിൻ കീഴിൽ യുഎപിഎ പ്രകാരം ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) അന്വേഷണം നേരിടുന്നുണ്ട്.

ഭീമാ-കൊറെഗാവ് കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ രോഗബാധിതനായി ഫാ. സ്റ്റാൻ സ്വാമി മരിച്ച സംഭവം വിവാദമായിരുന്നു. കവി വരവരറാവുവിന് ജാമ്യംലഭിച്ചത് ദീർഘമായ നിയമപോരാട്ടത്തിന് ശേഷമാണ്. പ്രൊഫ. അരുൺ പെരേര വീട്ടുതടങ്കലിലാണ്. ആനന്ദ് തെൽതുംബ്‍ദെ, റോണ വിത്സൺ, ഗൗതം നവലഖ, ഹാനി ബാബു എന്നിവർ വിചാരണ കാത്തുകഴിയുകയാണ്. ഗുജറാത്ത് വംശഹത്യയിലെ സംഘ്പരിവാർ തീവ്രവാദികൾക്കെതിരെയും നരേന്ദ്ര മോഡി വഹിച്ച പങ്കിനെതിരെയും നിരന്തരം ശബ്ദിച്ച ടീസ്ത സെതൽവാദിനെതിരെ കേസെടുത്തുകൊണ്ടായിരുന്നു ഇത് ആരംഭിച്ചത്. അർബൻ നക്സലുകളെന്ന പുതിയ പ്രയോഗവും മോഡി-അമിത്ഷാ ദ്വയം പ്രചരിപ്പിച്ചു. പുതിയ രൂപത്തിൽ ‘അർബൻ നക്സലുകൾ’ ഗുജറാത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നുവെന്ന് നരേന്ദ്രമോഡി ഗുജറാത്തിലെ ബറൂച്ചിയിൽ പറഞ്ഞതിന്റെ നാലാം ദിവസമാണ് സുപ്രീം കോടതി പ്രൊഫ. സായിബാബയ്ക്ക് ഹെെക്കോടതി നല്കിയ ഇളവ് റദ്ദാക്കിയത് എന്നത് ഒരുപക്ഷേ യാദൃച്ഛികമായിരിക്കാം. എന്നാൽ പരിഗണിക്കാനുള്ള കേസുകളുടെ പട്ടിക തയാറാക്കുന്ന കാര്യത്തിൽ പോലും ഭരണകൂടത്തിന്റെ ഇംഗിതം നോക്കുന്ന തരത്തിലേക്ക് കോടതികൾ താഴുന്നുവെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു കേസിലെ അടിയന്തര സിറ്റിങ്ങും സ്റ്റേയും. ഭരണകൂടത്തിന് താല്പര്യമുള്ള കേസുകൾ എളുപ്പത്തിൽ തീർപ്പാക്കാനുള്ള മാർഗമായി വിവേചനാധികാരം കോടതികൾ ഉപയോഗപ്പെടുത്തിയതിന് മുമ്പും സാക്ഷ്യങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യാവകാശവും പൗരാവകാശവും നീതിയും സംരക്ഷിക്കാനുള്ള കാവൽ ശക്തിയാവുക എന്ന ധർമ്മമാണ് നീതിപീഠത്തിൽ നിന്നുണ്ടാകേണ്ടത്.

Exit mobile version