Site iconSite icon Janayugom Online

പ്രതിചി അമർത്യ സെന്നിന് തന്നെ: പുറത്താക്കാനാവില്ലെന്ന് കോടതി

amartyasenamartyasen

വിശ്വഭാരതിക്കെതിരായ ഭൂമി തർക്ക കേസിൽ നൊബേൽ സമ്മാന ജേതാവും, സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യ സെന്നിന് അനുകൂല വിധിയുമായി കോടതി. പ്രതിചി എന്ന വീട്ടിൽ നിന്നും അമർത്യ സെന്നിനെ പുറത്താക്കാനാവില്ലെന്ന് ബിർഭും ജില്ലാ കോടതി ഉത്തരവിട്ടു. 

അമർത്യ സെൻ അനധികൃതമായി ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന് ആരോപിച്ച് വിശ്വഭാരതി വൈസ് ചാൻസലർ ബിദ്യുത് ചക്രവർത്തിയാണ് വീട് ഒഴിയുന്നതിനായി അമർത്യ സെന്നിന് നോട്ടീസ് നല്‍കിയത്. ഇതിനെതിരെ അമർത്യ സെൻ സൂരിയിലെ ബിർഭം ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലാണ് സെന്നിനെതിരായ നടപടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

1943 ഒക്ടോബറില്‍ അന്നത്തെ വിശ്വഭാരതി ജനറല്‍ സെക്രട്ടറി രതീന്ദ്രനാഥ ടാഗോര്‍ 1.38 ഏക്കര്‍ ഭൂമി 99 വര്‍ഷത്തെ പാട്ടത്തിന് അമർത്യാ സെന്നിന്റെ പിതാവ് അശുതോഷ് സെന്നിന് അനുവദിക്കുകയായിരുന്നു. ശാന്തി നികേതനിലെ അധ്യാപകനായിരുന്നു അശുതോഷ് സെന്‍. തനിക്ക് ലഭിച്ച 99 വര്‍ഷത്തെ പാട്ടം അദ്ദേഹം അമര്‍ത്യ സെന്നിന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഇതില്‍ 13 സെന്റ് കൈയേറിയതാണെന്നായിരുന്നു സര്‍വകലാശാലയുടെ ആരോപണം. 

കൈവശപ്പെടുത്തിയെന്നാരോപിച്ച അധിക ഭൂമിയുടെ മതിയായ രേഖകൾ കോടതിയിൽ സമർപ്പിക്കാൻ വിശ്വഭാരതിക്ക് കഴിഞ്ഞില്ല. അമർത്യ സെന്നിനെ പുറത്താക്കാനാകില്ലെന്നും ഒഴിപ്പിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ വിശ്വഭാരതിക്ക് അധികാരമില്ലെന്നും ജഡ്ജി സുദേഷ്ണ ഡേ ചാറ്റര്‍ജീ ഉത്തരവില്‍ വ്യക്തമാക്കി. കല്‍ക്കട്ട ഹൈക്കോടതി ഇതുസംബന്ധിച്ച ഹര്‍ജിയില്‍ വിശ്വഭാരതി നോട്ടീസ് സ്റ്റേ ചെയ്തിട്ടുണ്ട്. 

You may also like this video

Exit mobile version