Site icon Janayugom Online

വീട്ടമ്മമാരുടെ അന്തസുയര്‍ത്തുന്ന കോടതിവിധി

അപകടത്തിൽപ്പെട്ട വീട്ടമ്മ സ്ഥിരവരുമാനക്കാരിയല്ലെങ്കിലും മതിയായ നഷ്‌‌ടപരിഹാരം കിട്ടാൻ അർഹയാണെന്ന്‌ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി ചരിത്രപരമാണ്. അപകടത്തിൽ വീട്ടമ്മയ്‌ക്കുണ്ടാകുന്ന പരിക്കുകൾ ജോലി ചെയ്‌ത്‌ വരുമാനമുണ്ടാക്കുസ്ത്രീയുടെ പരിക്കുകൾക്കു തുല്യമായി കണക്കാക്കി നഷ്‌ടപരിഹാരം നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2006ൽ കെഎസ്‌ആർടിസി ബസിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽ പരിക്കേറ്റ പാലക്കാട്‌ എലവുപാടം കണിയമംഗലത്തെ കാളുക്കുട്ടിക്ക്‌ മോട്ടോർ ആക്‌സിഡന്റ്‌ ക്ലെയിംസ്‌ ട്രിബ്യൂണൽ അനുവദിച്ച നഷ്‌ടപരിഹാരത്തുക ചോദ്യം ചെയ്‌ത്‌ നൽകിയ അപ്പീൽ ഹർജി അനുവദിച്ചാണ്‌ കോടതിയുടെ ഉത്തരവ്‌.
ബസ്‌ അപ്രതീക്ഷിതമായി ബ്രേക്കിട്ടപ്പോൾ സീറ്റിൽ നിന്ന്‌ തെറിച്ചുവീണ്‌ കിടപ്പിലാവുകയും ചികിത്സതേടുകയും ചെയ്ത കാളുക്കുട്ടി രണ്ടുലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ 40,214 രൂപയാണ് നഷ്‌ടപരിഹാരം അനുവദിച്ചത്. പരിക്കുകളുടെ ഗൗരവവും ഭാവിജീവിതത്തിലെ ബുദ്ധിമുട്ടുകളും പരിഗണിച്ചില്ലെന്നും കൂടുതൽ നഷ്‌ടപരിഹാരത്തിന്‌ അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. വീട്ടമ്മയായതിനാല്‍ വരുമാനമില്ലെന്ന്‌ അവർതന്നെ സമ്മതിച്ച സ്ഥിതിക്ക്‌ ട്രിബ്യൂണൽ അനുവദിച്ച തുക പര്യാപ്തമാണെന്ന വാദം തള്ളിക്കളഞ്ഞാണ്‌ ഹൈക്കോടതി അപ്പീൽ ഹർജി അനുവദിച്ചത്‌.
വരുമാനമില്ലാത്തതിനാൽ നഷ്‌ടപരിഹാരത്തുക കുറച്ച നടപടി അന്യായമാണെന്ന്‌ വിലയിരുത്തിയ കോടതി വീട്ടിൽ ഭാര്യയുടെയും അമ്മയുടെയും കടമകൾ ഭംഗിയായി നിർവഹിക്കുന്ന സ്ത്രീകള്‍ യഥാർത്ഥ രാഷ്‌ട്രനിർമ്മാതാക്കളാണെന്ന് നിരീക്ഷിച്ചു. ഭാവി തലമുറയെ ഏറ്റവും മികച്ചനിലയിൽ വളർത്തിയെടുക്കാനാണ്‌ സ്ത്രീകള്‍ സമയം മുഴുവൻ വിനിയോഗിക്കുന്നത്‌. അവരുടെ ഇത്തരം പ്രയത്നങ്ങളെ പണമൂല്യമില്ലെന്ന കാരണത്താൽ നിസാരവൽക്കരിക്കാനാകില്ലെന്നും മനുഷ്യജീവിതത്തിന്റെ മൂല്യം പണത്തിന്റെ അടിസ്ഥാനത്തിലല്ല കണക്കാക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ അന്തസുയര്‍ത്തുന്ന വിധി ഇടതുമുന്നണിയുടെയും കേരളസര്‍ക്കാരിന്റെയും സ്ത്രീപക്ഷ നിലപാടുകള്‍ക്ക് ഒപ്പമാണ്.

Exit mobile version