Site iconSite icon Janayugom Online

കിലിയന്‍ എംബാപ്പെയ്ക്ക് 60 മില്ല്യണ്‍ യൂറോ നല്‍കാൻ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയോട് ആവശ്യപ്പെട്ട് കോടതി

സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് 60 മില്ല്യണ്‍ യൂറോ (ഏകദേശം 643 കോടിയിലധികം രൂപ) നല്‍കണമെന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയോട് ഉത്തരവിട്ട് കോടതി. പണം നല്‍കാനുണ്ടെന്ന് കാണിച്ച് പിഎസ്ജിയുടെ മുന്‍ താരമായിരുന്ന എംബാപ്പെ നല്‍കിയ കേസിലാണ് ഫ്രഞ്ച് കോടതിയുടെ വിധി. ശമ്പളവും ബോണസുമുള്‍പ്പെടെയാണ് ഈ തുക നല്‍കേണ്ടത്.

പിഎസ്ജി 55 മില്യണ്‍ യൂറോ (ഏകദേശം 500 കോടിയിലധികം രൂപ) ശമ്പളം നൽകാനുണ്ടെന്ന് എംബാപ്പെ വാദിച്ചിരുന്നു. പിഎസ്ജിയില്‍നിന്ന് ലഭിക്കേണ്ട അവസാന മൂന്ന് മാസത്തേത് ഉള്‍പ്പെടെയുള്ള പ്രതിഫലമാണിത്. പിഎസ്ജി ഈ തുക നൽകുന്നതിൽ വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി. എത്തിക്കല്‍ ബോണസ്, സൈനിങ് ബോണസ് തുകയായ 36 മില്യണ്‍ യൂറോ (ഏതാണ്ട് 334 കോടി രൂപ) കൂടി നൽകണമെന്നും പിഎസ്ജിയോട് മുൻ താരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി പരിഗണിച്ചില്ല.

ഫ്രാന്‍സ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ചാര്‍ട്ടര്‍ പ്രകാരം കരാറിലുള്ള ഓരോ ഫുട്‌ബോള്‍ താരത്തിനും മാസം അവസാന ദിവസത്തിന് മുന്‍പ് പ്രതിഫലം നല്‍കണം. ഇക്കാര്യത്തിലെ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്. പിഎസ്ജിയുടെ എക്കാലത്തെയും ടോപ് ഗോള്‍ സ്‌കോററായ എംബാപ്പെ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്കാണ് കൂടുമാറ്റം നടത്തിയത്. പിഎസ്ജി പ്രസിഡന്റും എംബാപ്പെയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയുമായിരുന്നു.

Exit mobile version