Site iconSite icon Janayugom Online

കോടതി രേഖകളില്‍ മതം വേണ്ട

കോടതികളിലെ കേസ് രേഖകളില്‍ ഹര്‍ജിക്കാരന്റെ ജാതി, മതം എന്നിവ രേഖപ്പെടുത്തുന്നത് നിര്‍ത്തണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഹിമ കോലി, അഹ്സാനുദ്ദീൻ അമാനുള്ള എന്നിവരുടെ ബെഞ്ചാണ് ഹൈക്കോടതികള്‍ക്കും കീ‌ഴ‌്ക്കോടതികള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

കോടതികളില്‍ അന്യായക്കാരന്റെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഈ നടപടി അവസാനിപ്പിക്കണമെന്നും തങ്ങളുടെ മുന്നിലെത്തുന്ന ഒരു കേസുകളിലും പരാതിക്കാരനെ സംബന്ധിച്ച ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതികളും കീഴ‌്ക്കോടതികളും ഉറപ്പാക്കണമെന്നും പരമോന്നത കോടതി ഉത്തരവിട്ടു. രാജസ്ഥാനിലെ കുടുംബകോടതിയുടെ പരിഗണനയിലിരുന്ന കേസ് പഞ്ചാബിലെ കുടുംബകോടതിയിലേക്ക് മാറ്റുണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസ് മാറ്റാൻ അനുമതി നല്‍കിയ കോടതി ഭര്‍ത്താവിന്റെയും ഭാര്യയുടെയും ജാതി രേഖപ്പെടുത്തിയിരിക്കുന്നതില്‍ ആശ്ചര്യം രേഖപ്പെടുത്തി.

ഉത്തരവ് അഭിഭാഷകരെയും കോടതി രജിസ്ട്രിയേയും അറിയിക്കണമെന്നും എത്രയും വേഗം ഇത് പ്രാബല്യത്തില്‍ വരണമെന്നും കോടതി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സുപ്രീം കോടതിയിലെ മറ്റൊരു ബെഞ്ച് കുറ്റാരോപിതനായ വ്യക്തിയുടെ ജാതി ഉത്തരവിന്റെ തലക്കെട്ടില്‍ പ്രതിപാദിക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Court records do not require religion

You may also like this video

Exit mobile version