Site iconSite icon Janayugom Online

പിഎൻബി വായ്‌പാ തട്ടിപ്പ് കേസിൽ ബെൽജിയത്തിൽ തടവിൽ കഴിയുന്ന മെഹുൽ ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ മെഹുൽ ചോക്‌സിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി ബെൽജിയത്തിലെ അപ്പീൽ കോടതി. 6,300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം നയതന്ത്ര തലത്തിൽ തുടരുന്നതിനിടെയാണ് മെഹുൽ ചോക്‌സി കോടതിയെ സമീപിച്ചത്. ഇന്ത്യയിൽ വമ്പൻ വായ്പാ തട്ടിപ്പ് നടത്തിയതിന് പിന്നാലെ ഇന്ത്യ വിട്ട ചോക്‌സി പലതവണ ഒളിവിൽ പോയിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാൽ ബെൽജിയത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യയിൽ കേസന്വേഷിക്കുന്ന സിബിഐ ബെൽജിയത്തിലെ കോടതിയെ അറിയിക്കുകയായിരുന്നു. ഈ വാദങ്ങൾ പരി​ഗണിച്ചാണ് വായ്പാ തട്ടിപ്പ് കേസിൽ ബെൽജിയത്തിലെ കോടതി ജാമ്യം നിഷേധിച്ച് ഹർജി തള്ളിയത്.

സിബിഐ അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബെൽജിയത്തിൽ മെഹുൽ ചോക്‌സി അറസ്റ്റ് ചെയ്യപ്പെട്ടത്. മുമ്പും ചോക്സി ജാമ്യാപേക്ഷ നൽകിയിരുന്നു. അതും കോടതി തള്ളുകയാണ് ചെയ്തത്. ഓഗസ്റ്റ് 22 ന് വീണ്ടും ജാമ്യാപേക്ഷ ഫയൽ ചെയ്യുകയായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിലെ 13,000 കോടി രൂപയുടെ വായ്‌പാ തട്ടിയ കേസുകളിൽ മെഹുൽ ചോക്‌സിയും മരുമകൻ നീരവ് മോദിയുമാണ് പ്രധാന പ്രതികളാണ്. നീരവ് മോദിയെ 2019 ൽ ലണ്ടനിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ലണ്ടനിലെ ജയിലിൽ കഴിയുകയാണ്.

Exit mobile version