Site iconSite icon Janayugom Online

ആകർ പട്ടേലിനെതിരെയുള്ള ലുക്ക് ഔട്ട് സർക്കുലർ പിൻവലിക്കാൻ കോടതി

ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ അധ്യക്ഷൻ ആകർ പട്ടേലിനെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലർ പിൻവലിക്കാൻ സിബിഐയോട് നിർദേശിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഡൽഹിയിലെ പ്രത്യേക കോടതി ശരിവച്ചു.

ഏപ്രിൽ ആറിന് അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ ബംഗളുരു വിമാനത്താവളത്തിൽ തടഞ്ഞതിനെ തുടർന്നാണ് പട്ടേൽ കോടതിയെ സമീപിച്ചത്. എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ സിബിഐ ഉൾപ്പെടുത്തിയതായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട് പ്രകാരം കള്ളപ്പണം വെളുപ്പിച്ചതായി ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യക്കെതിരെ ആരോപണമുണ്ട്.

ഇതിലെ അന്വേഷണം പൂർത്തിയാക്കുന്നതിനും കോടതിയെ സമീപിക്കുന്നതിനും ഇടവേള ഉള്ളതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് കേന്ദ്ര ഏജൻസി കോടതിയെ അറിയിച്ചിരുന്നു.

ഏപ്രിൽ ഏഴിന് പട്ടേലിനെതിരായ ലുക്ക് ഔട്ട് സർക്കുലർ പിൻവലിക്കാൻ മജിസ്ട്രേറ്റ് കോടതി ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു. മജിസ്ട്രേറ്റിന്റെ ഉത്തരവ് പാലിക്കാത്ത കേന്ദ്ര ഏജൻസിയുടെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് അദ്ദേഹം ഡൽഹി കോടതിയിൽ പ്രത്യേക ഹർജി സമർപ്പിക്കുകയായിരുന്നു.

Eng­lish summary;Court says with­draw look-out cir­cu­lar against Akar Patel

You may also like this video;

Exit mobile version