Site iconSite icon Janayugom Online

ഒരു മൊബൈല്‍ ഫോണിന്റെ വിലപോലും എട്ടുവയസുകാരിക്കില്ലെ: വ്യാജ മോഷണക്കുറ്റത്തില്‍ പരസ്യവിചാരണ ചെയ്ത വനിതാ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

policepolice

വ്യാജ മോഷണ കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരിയായ മകളേയും പരസ്യമായി വിചാരണ ചെയ്ത പിങ്ക്  പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കാക്കിയുടെ അഹങ്കാരമാണ്  പൊലീസുകാരിയ്‌ക്കെന്ന് ഹൈക്കോടതി വിമർശിച്ചു.  പൊലീസുകാരിയും ഒരു സ്ത്രീയല്ലേ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും കോടതി ചോദിച്ചു. കുട്ടിയോട്  പൊലീസ് ഉദ്യോഗസ്ഥ എംആർ രജിത മോശമായി പെരുമാറുന്ന വീഡിയോ കണ്ടിരുന്നു. ഈ ദൃശ്യങ്ങൾ മനസിന് അസ്വസ്ഥതയുണ്ടാക്കുന്നു. ചില വീഴ്‌ച്ചകൾ സംഭവിച്ചതായി വ്യക്തമാണ്. കുട്ടിയെ എന്തിനാണ് ചോദ്യം ചെയ്തത്. ഒരു മൊബൈൽ ഫോണിന്റെ വില പോലും കുട്ടിയ്‌ക്ക് ഇല്ലേയെന്നും കോടതി ചോദിച്ചു.‘കുട്ടിയുടെ കരച്ചില്‍ വേദന ഉണ്ടാക്കുന്നു. മൊബൈല്‍ ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് നല്‍കിയില്ല. ഇങ്ങനെയാണോ പെരുമാറേണ്ടത്,’ കോടതി പറഞ്ഞു. സ്വന്തം മൊബൈൽ ഫോൺ സൂക്ഷിക്കേണ്ടത് ഉദ്യോഗസ്ഥയുടെ ഉത്തരവാദിത്വമാണ്. തെറ്റ് മനസിലായിട്ടും ക്ഷമാപണം നടത്താൻ പോലും ഉദ്യാഗസ്ഥ തയ്യാറാകാഞ്ഞത് സങ്കടകരമാണ്.

പിങ്ക്  പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് പണിഷ്‌മെന്റ് നടപടിയാണോ എന്നും കോടതി പരിഹസിച്ചു. വിഷയത്തിൽ ഡിജിപിയോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.  പൊലീസ് യൂണിഫോമിന് ഒരു ഉത്തരവാദിത്വമുണ്ട്. എല്ലാ  പൊലീസുകാരും അത് മനസിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കുട്ടി കരയുന്നത് കണ്ടിട്ട് പോലും അവർ നിർത്തിയില്ല. ഉദ്യോഗസ്ഥയുടെ ഫോൺ ആണോ കുട്ടിയുടെ ജീവിതം ആണോ വിലപിടിച്ചത്? ഈ കുട്ടി ഇനി എങ്ങനെ ഒരു  പൊലീസ് ഉദ്യോഗസ്ഥനെ സമീപിക്കുമെന്നും കോടതി വിമർശിച്ചു.

ഓഗസ്റ്റ് 27ന് അച്ഛൻ ജയചന്ദ്രനും മകളും ആറ്റിങ്ങലിലേക്ക് പോയി മടങ്ങിവരികെയായിരുന്നു സംഭവം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പിങ്ക്  പൊലീസിന്റെ ക്രൂരത. മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മകളേയും തടഞ്ഞു നിർത്തിയ  പൊലീസ് റോഡിൽ വെച്ച് പരസ്യമായി വിചാരണ ചെയ്ത് അധിക്ഷേപിച്ചിരുന്നു. ജയചന്ദ്രൻ വാഹനത്തിൽ നിന്നും മോഷ്ടിക്കുന്നത് കണ്ടെന്നായിരുന്നു  പൊലീസിന്റെ വാദം. എന്നാൽ  പൊലീസിന്റെ വാഹനം പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ  പൊലീസ് ഉദ്യോഗസ്ഥയുടെ കൈയ്യിൽ നിന്ന് തന്നെ മോഷണം പോയ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. ബഹളത്തിനിടെ നാട്ടുകാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്.

Eng­lish Sum­ma­ry: Court slams women police for forgery case

you may like this video also

Exit mobile version