Site iconSite icon Janayugom Online

ഇഡി വിവരാവകാശ നിയമത്തിന് പുറത്ത് ; ലൈംഗികാതിക്രമ വിവരങ്ങള്‍ കൈമാറണമെന്ന് കോടതി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെങ്കിലും ലൈംഗികാതിക്രമങ്ങള്‍ പോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശം നല്‍കാമെന്ന് ഡല്‍ഹി ഹൈക്കോടതി. വിവരാവകാശ അപേക്ഷ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കേന്ദ്രവിവരാവകാശ കമ്മിഷന്റെ (സിഐസി) രണ്ട് ഉത്തരവുകളെ ചോദ്യം ചെയ്തുകൊണ്ട് ഇഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ഇഡി റിക്രൂട്ട്മെന്റ് നിയമങ്ങളെക്കുറിച്ചാണ് വിവരാവകാശ അപേക്ഷകളില്‍ ഒന്ന്. ഇഡി നിയമോപദേശകയ്ക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമണങ്ങളെ സംബന്ധിച്ച അന്വേഷണ നടപടിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നതാണ് മറ്റൊന്ന്. ആദ്യത്തെ സിഐസി ഉത്തരവ് ജസ്റ്റിസ് പ്രതിഭ എം സിങ് റദ്ദാക്കി. എന്നാല്‍ രണ്ടാമത്തെ സംഭവത്തില്‍ എട്ടാഴ്ചയ്ക്കുള്ളില്‍ വിവരാവകാശ അപേക്ഷകയ്ക്ക് മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇന്റലിജൻസ് ബ്യൂറോ (ഐബി), ഇഡി, ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തുടങ്ങിയ വയെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ഒഴിവാക്കപ്പെട്ട സംഘടനകളായി കണക്കാക്കുന്നുവെന്നാണ് കോടതികളുടെ തീരുമാനങ്ങളിലെ സ്ഥിരമായ കാഴ്ചപ്പാടെന്നും ജസ്റ്റിസ് പ്രതിഭ സിങ് പറഞ്ഞു. എന്നാല്‍ അഴിമതി, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കേസുകളിൽ ഒഴിവാക്കപ്പെട്ട സംഘടനകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയുമെന്നും കോടതി പറഞ്ഞു.

Eng­lish Sum­ma­ry: Court to hand over sex­u­al assault information
You may also like this video

Exit mobile version