എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപി എം ജില്ലാ കമ്മറ്റി അംഗവുമായ പി പി ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹരജി നാളെ കോടതി പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് മുമ്പാകെ പ്രമുഖ അഭിഭാഷകന് കെ വിശ്വന് മുഖേനയാണ് പി പി ദിവ്യ മുന്‍കൂര്‍ ജാമ്യഹർജി ഫയൽ ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്വ കെ വിശ്വൻ മുഖേന മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്. ശനിയാഴ്ച കേസ് കോടതി പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത് കളക്ടര്‍ അരുണ്‍ കെ വിജയന് ക്ഷണിച്ചതിനാലാണെന്നാണ് ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നത്. എന്നാല്‍, ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ കഴിഞ്ഞ ദിവസം ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ ഗീത മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തനെ കൂടാതെ റിട്ട. അധ്യാപകനായ ഗംഗാധരന് എന്നയാളും എഡിഎം കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് തന്നോട് പരാതി പറഞ്ഞിട്ടുണ്ടൈന്നും ജാമ്യഹര്‍ജിയിലുണ്ട്. എന്നാല്‍ എ ഡി എം കൈക്കൂലി വാങ്ങിയിട്ടില്ലെന്നും പക്ഷെ അദ്ദേഹത്തിൻ്റെ ഇടപെടലിനെതിരെ വിജിലൻസിൽ പരാതി നൽകിയിരുന്നെന്നും വ്യക്തമാക്കി ഗംഗാധരനും രംഗത്തെത്തിയിരുന്നു.