Site icon Janayugom Online

തുറന്ന ഇടങ്ങളിലെ പരിപാടികളിൽ പരമാവധി 300 പേര്‍ക്കും,ഹാളുകളില്‍ 150 പേര്‍ക്കും ഒരേസമയം പങ്കെടുക്കാന്‍ അനുമതി

തുറന്ന ഇടങ്ങളിൽ നടത്തുന്ന പൊതുപരിപാടികളിൽ പരമാവധി 300 പേരെയും ഹാളുകൾ പോലെ അടച്ചിട്ട സ്ഥലങ്ങളിൽ നടത്തുന്ന പരിപാടികൾക്ക് പരമാവധി 150 പേരെയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രതിവാര കൊവിഡ് അവലോകനയോഗത്തിന് ശേഷമാണ് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. 

ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ കലാരൂപങ്ങൾ നടത്തുവാനും അനുമതി നൽകി. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് തുറന്ന ഇടങ്ങളിൽ പരമാവധി 200 പേർക്കും അടഞ്ഞ ഇടങ്ങളിൽ പരമാവധി 100 പേർക്കും അനുമതിയെന്ന നിലവിലെ നില തുടരും. അനുവദനീയമായ ആളുകളുടെ എണ്ണം ലഭ്യമായ സ്ഥലത്തിന് ആനുപാതികമായിരിക്കണം. ശബരിമലയിൽ കഴിഞ്ഞദിവസം ചില ഇളവുകൾ അനുവദിച്ചിരുന്നുവെങ്കിലും അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ലെന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിൽ ബന്ധപ്പെട്ട ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 70 ലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകാനുണ്ട്. അത് എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചു. 

ഒമിക്രോൺ പശ്ചാത്തലത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തണം. അവിടങ്ങളിൽ ജനിതക സീക്വൻസിംഗ് വർദ്ധിപ്പിക്കണം. എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണ്. വീടിന് പുറത്ത് നിർബന്ധമായും മാസ്ക് ധരിക്കണം. മൂന്ന് ലയർ മാസ്കോ എൻ 95 മാസ്കോ ധരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപരിരക്ഷ നൽകാൻ നടപടി എടുക്കണം. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരിൽ പൊതു ധാരണ ഉണ്ടാക്കണം. സ്കൂളുകൾ പൂർണതോതിൽ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ല. കോവിഡ് ധനസഹായം സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലാ കലക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
eng­lish summary;covid 19 relax­ations of restric­tions in kerala
you may also like this video;

Exit mobile version