Site iconSite icon Janayugom Online

യുഎസില്‍ കോവിഡ് മരണങ്ങള്‍ ഒമ്പത് ലക്ഷം കടന്നു; പ്രതിദിനം 2400 മരണങ്ങള്‍

അമേരിക്കയിലെ കോവിഡ് മരണസംഖ്യ 9.2 ലക്ഷമായി ഉയര്‍ന്നു. യുഎസില്‍ ഓരോ ദിവസവും 2400 ലധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിക്കുന്നുവെന്നാണ് കണക്ക്. രണ്ടാഴ്ചക്കിടെ 36 ശതമാനമാണ് മരണനിരക്ക് ഉയര്‍ന്നത്. വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും യുഎസിലാണ്. നിലവിലെ സാഹചര്യം അനുസരിച്ച് ഏപ്രിലോടെ കോവിഡ് മരണങ്ങള്‍ 10,00,000 ആയി ഉയരുമെന്നാണ് വിലയിരുത്തുന്നത്. ഡിസംബർ 14ന് മരണസംഖ്യ 8,00,000 ആയി ഉയര്‍ന്നിരുന്നു. 51 ദിവസങ്ങള്‍ക്കു ശേഷമാണ് മരണസംഖ്യ ഒമ്പതു ലക്ഷമായി വര്‍ധിക്കുന്നത്. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് മരണങ്ങള്‍ റെക്കോഡ് ഉയരത്തിലെത്തുന്നത്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ജനുവരി പകുതി മുതൽ 15 ശതമാനം കുറഞ്ഞ് 124,000 ലേക്കെത്തിയിരുന്നു.

രാജ്യത്തെ 50 സംസ്ഥാനങ്ങളിൽ 49 എണ്ണത്തിലും പുതിയ കേസുകൾ കുറയുന്നുണ്ടെങ്കിലും പ്രതിദിന മരണ നിരക്ക് ശരാശരി 2,400‑ൽ കൂടുതലായി തുടരുകയാണ്. കുറഞ്ഞത് 35 സംസ്ഥാനങ്ങളിലെങ്കിലും മരണനിരക്ക് ഉയര്‍ന്ന നിലയിലാണ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ (സിഡിസി) കണക്കനുസരിച്ച് ജനസംഖ്യയുടെ 64ശതമാനം മാത്രമാണ് പൂർണമായും വാക്സിനേഷൻ എടുത്തിട്ടുള്ളത്. വാക്സിന്‍ സ്വീകരിക്കാത്തവരിലെ കോവിഡ് മരണ സാധ്യത മൂന്ന് ഡോസും സ്വീകരിച്ചവരെക്കാള്‍ 97 ശതമാനം കൂടുതലാണെന്നും സിഡിസി വ്യക്തമാക്കുന്നു. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ വാക്സിനേഷന്‍ മരണങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പൊതുജനാരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. വാക്സിനേഷന്റെ നേരത്തെയുള്ള വേഗത നിലനിർത്തിയിരുന്നെങ്കിൽ മരണനിരക്ക് വര്‍ധിക്കില്ലായിരുന്നുവെന്ന് ബ്രൗൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഡീൻ ഡോ. ആശിഷ് ഝാ പറയുന്നു. 42 ശതമാനം ജനങ്ങള്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് ലഭിച്ചിട്ടുള്ളത്. മറ്റ് രോഗങ്ങളുള്ളവരാണ് കുടുതലായും കോവിഡ് ബാധിച്ച് മരിക്കുന്നതെന്നാണ് വി‍ദഗ്‍ധര്‍ പറയുന്നത്.

ഹൃദ്രോഗം, പ്രമേഹം, തുടങ്ങിയ രോഗങ്ങളുള്ളവരാണ് മരിച്ചവരില്‍ ഭുരിഭാഗവും. കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാതെയോ ചികിത്സയ്ക്ക് തയാറാകാതെയോ ആണ് ഇവരില്‍ കൂടുതല്‍ പേരും മരിച്ചതെന്നും വിദ‍ഗ്‍ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗികളുടെയും കാൻസർ രോ­­ഗികളുടെയും മരണത്തിന്റെ പ്രധാന മൂന്ന് കാരണങ്ങളിൽ ഒന്നായി കോവിഡ് മാറിയിട്ടുണ്ട്. അതേസമയം, വാക്സിനുകളുടെ ആദ്യ രണ്ട് ഡോസുകൾ തമ്മിലുള്ള ശുപാർശിത ഇടവേള എട്ട് ആഴ്ചയായി വര്‍ധിപ്പിക്കുന്നതിനായി ഉപദേശക സമിതി യോഗത്തില്‍ ശുപാര്‍ശ ചെയ്യുമെന്ന് സിഡിസി അറിയിച്ചിരുന്നു. യുഎസില്‍ , ഫൈസറിന്റെ ആ­­ദ്യ രണ്ട് ഷോട്ടുകൾക്കിടയിലുള്ള ശു­പാർശ ചെ­യ്യപ്പെടുന്ന ഇടവേള മൂന്നാഴ്‌ചയും മൊഡേണയ്‌ക്ക് നാലാഴ്ചയുമാണ്. ഡോ­സുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് മയോകാർഡിറ്റിസിന്റെ സാധ്യത കുറയ്ക്കുന്നതായും സിഡിസി വ്യക്തമാക്കി.

eng­lish sum­ma­ry; covid deaths in the US have crossed nine million

you may also like this video;

Exit mobile version