ലോകം നേരിട്ട മഹാമാരികളിൽ കോവിഡിനോളം ഭയപ്പെടുത്തിയ മറ്റൊന്നുമില്ല. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് ആഗോളതലത്തിൽ 51,9876,272 പേർ കോവിഡ് ബാധിച്ചവരാണ്. 6,284,849 മരണങ്ങളും ഇതുവരെ കോവിഡ് മൂലം സംഭവിച്ചു. ദിനംപ്രതി ലക്ഷക്കണക്കായ ആളുകളിലേക്ക് കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ നിന്ന് ഒരുവേള വലിയൊരാശ്വാസം ലഭിച്ചിരുന്നു. ഇന്നലത്തെ കണക്കിൽ പറയുന്നത്, 2,18,705 പുതിയ രോഗബാധിതർ എന്നാണ്. മരണം 403. ഗുരുതരാവസ്ഥയിൽ തുടരുന്ന രോഗികളുടെ എണ്ണം 39,180 ആണ്. കോവിഡ് സജീവമായി നിന്ന ഘട്ടത്തേക്കാൾ വളരെ വളരെ കുറവാണിത്. ഈ സ്ഥിതിയിൽ നിന്ന് താഴേക്ക് പോകണമെന്നും രോഗവ്യാപനം പാടെ നിലയ്ക്കണമെന്നുമാണ് ലോകം ആഗ്രഹിക്കുന്നത്. അതിനായുള്ള പോരാട്ടം ഓരോ രാജ്യങ്ങളും തങ്ങളുടേതായ രീതിയിൽ തുടരുന്നുമുണ്ട്.
വർഷങ്ങൾ പിന്നിട്ടാലും പലരിലും രോഗലക്ഷണങ്ങൾ അവശേഷിക്കും എന്ന ലാൻസെറ്റിന്റെ പുതിയ പഠനം ഗൗരവത്തിൽ കാണണം. കോവിഡിന് ശേഷം ജീവിതശൈലീ രോഗാവസ്ഥയിൽ വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു. ശ്വാസകോശ, ഹൃദയസംബന്ധിയായ കാരണങ്ങളാൽ നിത്യരോഗികളായിരുന്നവർ കൂടുതൽ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നു. പലരീതിയിലും രൂപത്തിലും വൈറസ് ആക്രമണം നിലനിൽക്കുന്നുണ്ട്. വൈറസ് വ്യാപനത്തിന്റെ ഉറവിടമെന്ന് കരുതുന്ന ചൈനയിൽ കോവിഡ് രണ്ടാം വരവിന്റെ കാഠിന്യം വർധിക്കുന്നു. ഉത്ഭവനഗരമായ വുഹാനിലെ ജനങ്ങൾ വീണ്ടും ഭീതിയിലായിരുന്നു. ഒരു ലക്ഷണങ്ങളുമില്ലാത്ത നൂറുകണക്കിനാളുകളിൽ രോഗം കണ്ടെത്തിയതാണ് ചൈനയെ ആശങ്കപ്പെടുത്തിയത്. രണ്ടാഴ്ച മുമ്പത്തെ കണക്കുപ്രകാരം 82,993 പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് 2,21,289 കോവിഡ് രോഗികളാണ് രാജ്യത്താകെയുള്ളത്. രോഗവ്യാപനം തകൃതിയായതിനെ തുടർന്ന് ഏഷ്യൻ ഗെയിംസ് നീട്ടിവച്ചിരിക്കുകയാണ്. ഷിൻജിയാൻ പ്രവിശ്യയുടെ തലസ്ഥാനനഗരിയായ ഹാങ്ഷുവിൽ വച്ച് സെപ്റ്റംബറിൽ ഗെയിംസ് നടത്താനായിരുന്നു, ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ തീരുമാനം. രാജ്യത്തെ ഏറ്റവും സജീവമായ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തത് ഇവിടെയായിരുന്നു.
ഇതുകൂടി വായിക്കൂ: വായുവിലൂടെ കോവിഡ് പകരുമെന്ന് ഇന്ത്യൻ പഠനം
കോവിഡിന്റെ കാര്യത്തിൽ ദക്ഷിണ കൊറിയയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി, കോവിഡ് മുക്ത രാജ്യമായി കൊണ്ടുവന്ന ദക്ഷിണ കൊറിയയിൽ ഇന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് മുക്തമായതിനെ തുടർന്ന് രാജ്യം സജീവമാകാൻ തുടങ്ങിയതായിരുന്നു. മേയ് ആറ് മുതലാണ് സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. ചൈനയിലേതുപോലെ രോഗലക്ഷണങ്ങളില്ലാത്തവരിൽ നടത്തിയ പരിശോധനകളുടെ ഫലം ഭീതിപ്പെടുത്തുന്നതായി. നേരത്തെ രോഗം ബാധിച്ചവർ പോലും വീണ്ടും രോഗവാഹകരാവുന്ന കാഴ്ച. തുറന്ന സ്കൂളുകളെല്ലാം അടച്ചു. അടിയന്തരാവസ്ഥയോടൊപ്പം നിയന്ത്രണങ്ങൾ കർശനമാക്കി. ഇന്നുവരെ പ്രഖ്യാപിച്ച ലോക്ഡൗൺ അടുത്ത ദിവസങ്ങളിലും തുടർന്നേക്കും.
കോവിഡ് വ്യാപന തോതിൽ അമേരിക്ക തന്നെയാണ് ഇന്നും മുന്നിൽ. 8,40,06,379 ആണ് അവസാനത്തെ കോവിഡ് കണക്ക്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും തുടരുന്നു. കോവിഡ് വ്യാപനം വീണ്ടും സജീവമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോഡി, മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർനടപടികൾ ആലോചിക്കുകയും ചെയ്തിരുന്നു. കോവിഡിന്റെ പുതിയ വകഭേദമായ ബിഎ 2.12 റിപ്പോർട്ട് ചെയ്ത സംഭവമടക്കം രാജ്യം ചർച്ചചെയ്തു. ഓരോ സംസ്ഥാനങ്ങളും അവിടങ്ങളിലെ സാഹചര്യങ്ങളുടെ പശ്ചാത്തലം പരിശോധിച്ച് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനാണ് തീരുമാനം. ഇന്ത്യ നൽകുന്ന കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നത് ലോകാരോഗ്യ സംഘടന എടുത്തുപറഞ്ഞിരുന്നു. ഏറ്റവുമൊടുവിൽ ഇന്ത്യയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടതനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,31,16,600 ആണ്. മരണം 5,24,190. സജീവ കേസുകൾ 18,950 എണ്ണവും.
ഇതുകൂടി വായിക്കൂ: നിപ്പ വന്നെങ്കിലും കൊറോണയെ മറക്കരുത്
ഇന്ത്യയുടെ കാര്യത്തിൽ ആരോഗ്യവിദഗ്ധർ വിവിധങ്ങളായ അഭിപ്രായങ്ങളാണ് ഇപ്പോഴും കോവിഡിന്റെ കാര്യത്തിൽ തുടരുന്നത്. കൊറോണ ഡെൽറ്റ വകഭേദമാണ് ഇന്ത്യയെ നന്നേ ബാധിച്ചതെന്നാണ് പഠനം. ഒമിക്രോൺ വ്യാപിച്ച മൂന്നാം തരംഗം രോഗവാഹകരുടെ എണ്ണം കൂട്ടിയിരുന്നെങ്കിലും മുൻപത്തേക്കാൾ ഭയാനകമായിരുന്നില്ല. ഭൂരിഭാഗം പേരിലേക്കും വാക്സിൻ എത്തിക്കാനായതാണ് ഇതിന് കാരണമെന്ന് കേന്ദ്രഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും ആരോഗ്യവിദഗ്ധർക്ക് മറുവാദവും ഉണ്ട്. ഓരോ രാജ്യത്തെയും കാലാവസ്ഥയുടെയും ജീവിത രീതികളുടെയും ആരോഗ്യസ്ഥിതിയുടെയും പശ്ചാത്തലമാണ് വിദഗ്ധർ പഠനവിധേയമാക്കിയത്. ഹോങ്കോങ്, ചൈന, ദക്ഷിണ കൊറിയ, വിയറ്റ്നാം, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലും ഒരേ സമയത്താണ് ഒമിക്രോൺ വ്യാപിച്ചത്. അവിടങ്ങളിലെ ഭീകരത ഇന്ത്യയിൽ കാണാനായില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ബിഎ 2 വിന്റെ ഉപവകഭേദങ്ങൾ ഇന്ത്യയിലടക്കം വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നാണ് നിരീക്ഷണങ്ങൾ. ഡൽഹിയിൽ രണ്ടാഴ്ച മുമ്പ് ബിഎ 2.12 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇക്കാര്യം ഗൗരവത്തിലെടുക്കുകയും വേണം. പുതിയ പുതിയ വകഭേദങ്ങൾ പരിണമിക്കുന്നതും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതും വേഗത്തിലാകുന്നത് ആന്തരിക സംക്രമണത്തെയും പ്രതിരോധശേഷിയെയും അടിസ്ഥാനപ്പെടുത്തിയാണ്. പ്രതിരോധ ശേഷി കുറയും തോറും കൂടുതൽ പേരിലേക്ക് രോഗാവസ്ഥ വളരുന്നതിന് കാരണമാകും. പ്രത്യേകിച്ച് ഒമിക്രോൺ ബിഎ 2 ഉപവകഭേദങ്ങളുടെ കാര്യത്തിൽ. തങ്ങളുടെ ജനതയിൽ രോഗപ്രതിരോധശേഷി കുറയുന്നത് ഭരണകൂടവും ആരോഗ്യ സംവിധാനങ്ങളും നിരന്തരം ശ്രദ്ധിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്.
ഇതുകൂടി വായിക്കൂ: കേരളം ചുറ്റിക്കണ്ട് ഇത്തിരികുഞ്ഞന്‍ കൊറോണ: ചിരിയും ചിന്തയും പകര്‍ന്ന് പുളിമധുരം
ഒമിക്രോൺ ബിഎയുടെ നൂറിലധികം വകഭേദങ്ങളാണ് ലോകത്ത് ഇതിനകം കണ്ടെത്തിയിട്ടുള്ളത്. ഇവയുടെയെല്ലാം പുതിയ ഉപവകഭേദങ്ങൾ ഓരോ ദിവസമെന്നോണം പെരുകുന്നതായും പാംഗോ നെറ്റ്‌വർക്ക് പുറത്തുവിട്ട പഠനറിപ്പോർട്ടുകൾ സമർത്ഥിക്കുന്നു. ഇതിൽ പലതും ഇന്ന് ശക്തിക്ഷയം സംഭവിച്ചവയാണെന്നും പറയുന്നു. എന്നാൽ, ബിഎ 2.12.1,ബിഎ 4,ബിഎ 5,ബിഎ2.12.1 എന്നിവ വളരെ സജീവമായി നിലനിൽക്കുന്നുണ്ട്. വടക്കുകിഴക്കൻ അമേരിക്കയിലാണ് ഇവ കൂടുതൽ വ്യാപിക്കുന്നത്. ബിഎ4,ബിഎ5 എന്നിവ ദക്ഷിണാഫ്രിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും വ്യാപിക്കുകയാണ്. ഇവയെല്ലാം ഒമിക്രോണിന്റെ വകഭേദങ്ങൾ ആണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
വകഭേദങ്ങളുടെ പരമ്പരയാണ് മനുഷ്യരിൽ കോവിഡ് ലക്ഷണങ്ങളെ നിലനിർത്തുന്നത്. ലാൻ സെറ്റ് റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് കോവിഡ് രോഗം ഗുരുതരമായിരുന്നവരിൽ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ തന്നെ രണ്ട് വർഷമെങ്കിലും വേണമെന്നാണ്. തുടർ പരിശോധനകൾ അത്രയും കാലവും തുടരുകയും വേണം. ക്ഷീണവും ഉറക്കമില്ലായ്മയും ശ്വാസതടസവും പേശീതളർച്ചയും സന്ധികളിലെ വേദനയും ഇടതടവില്ലാതെ തുടരും. തലകറക്കവും തലവേദനയും വിട്ടുമാറാത്തവിധം കൂടെകൂടും. ഒരർത്ഥത്തിൽ കോവിഡ് ഈവിധം ദ്രോഹിച്ചുകൊണ്ട് നമുക്കൊപ്പമുണ്ടാകുമെന്ന് സാരം. പ്രതിരോധം, ശുദ്ധി എന്നിവ സ്വയം ബോധ്യത്തോടെ തുടരാനായാൽ കോവിഡിനെ ഒരുചാണ്‍ അകലെയെങ്കിലും നിർത്താൻ നമുക്കാവും.
കേന്ദ്രം പുറത്തുവിട്ട കണക്ക്
രാജ്യത്ത് കഴിഞ്ഞ ദിവസം 2847 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,31,16,254 ആയി. ഒമ്പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണനിരക്ക് 5,24,190 ആണ്.
18,604 സജീവ രോഗികളാണുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണം മൊത്തം കേസുകളുടെ 0.04 ശതമാനമാണ്. നിലവിലെ രോഗമുക്തി നിരക്ക് 98.74 ശതമാനം. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.69 ശതമാനവുമാണ്.