Site iconSite icon Janayugom Online

കോവിഡ് നെഗറ്റീവായ വ്യക്തി പോസിറ്റീവാണെന്ന് ആശുപത്രി: വീഴ്ച ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോവിഡ് നെഗറ്റീവ് റിപ്പോർട്ടിന് പകരം പോസിറ്റീവ് സർട്ടിഫിക്കേറ്റ് നൽകിയതു കാരണം ക്രിസ്തുമത വിശ്വാസിയായ വ്യക്തിയുടെ മൃതദേഹം ചടങ്ങുകൾ കൂടാതെ ശ്മശാനത്തിൽ സംസ്ക്കരിക്കേണ്ടി വന്നുവെന്ന പരാതിയിൽ കൊല്ലം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നിന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ജില്ലാ ആശുപത്രിയിൽ നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്ന കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് കമ്മീഷൻ അംഗം വി കെ ബീനാകുമാരി തള്ളി. നഷ്ടപരിഹാരം വേണമെന്ന പരാതിക്കാരനായ പേരയം സ്വദേശി എ. ബോബിയുടെ ആവശ്യവും കമ്മീഷൻ അനുവദിച്ചില്ല. കോവിഡുണ്ടാക്കിയ പ്രത്യേക സാഹചര്യത്തിന്റെ സമ്മർദ്ദം കണക്കിലെടുത്താണ് ആവശ്യം തള്ളിയത്. ഇത്തരത്തിലുള്ള അപാകതകൾ ജില്ലയിലെ സർക്കാർ ആശുപത്രികളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് കമ്മീഷൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കർശനമായ താക്കീത് നൽകി.

മരിച്ച നിലയിൽ എത്തിയ മൃതദേഹത്തിന്റെ ട്രൂനാറ്റ് ടെസ്റ്റാണ് ആദ്യം നടത്തിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു. കോവിഡ് പോസിറ്റീവായതിനാൽ കൂടുതൽ സ്ഥിതീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചു. ട്രൂനാറ്റ് ടെസ്റ്റ് പോസിറ്റീവായാൽ മൃതദേഹം സംസ്ക്കാരത്തിന് വിട്ടു നൽകാമെന്ന പ്രോട്ടോകോൾപ്രകാരമാണ് വിട്ടുനൽകിയതെന്നും അന്ന് നിലവിലുള്ള സർക്കാർ ഉത്തരവ് അനുസരിച്ചാണ് നടപടിയെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ സർക്കാർ ഉത്തരവ് ഏതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയിട്ടില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാണിച്ചു. ജില്ലാ ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കേണ്ട മൃതദേഹം ശ്മശാനത്തിൽ സംസ്ക്കരിക്കേണ്ടി വന്നത്. മരണാനന്തര ചടങ്ങുകളിൽ ആർക്കും പങ്കെടുക്കാനുമായില്ല. ഏത് സർക്കാർ ഉത്തരവ് പ്രകാരമാണ് മൃതദേഹം ശ്മശാനത്തിൽ സംസ്ക്കരിക്കാൻ വിട്ടു നൽകിയതെന്ന കാര്യം വ്യക്തമാക്കാനുള്ള ചുമതല ആശുപത്രി അധികൃതർക്കുണ്ടായിരുന്നുവെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 

Eng­lish Summary:Covid neg­a­tive per­son is positive:humanright com­mis­sion case
You may also like this video

Exit mobile version