Site icon Janayugom Online

കോവിഡ് കാലം സൃഷ്ടിച്ചത് 573 ശതകോടീശ്വരന്മാരെ: ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

millionaire

കോവിഡ് മഹാമാരിക്കാലത്ത് ലോകത്ത് 573 പുതിയ ശതകോടീശ്വരന്മാരുണ്ടായെന്ന് ‘ഓക്സ്ഫാം’ റിപ്പോർട്ട്. അതേസമയം 2022 കഴിയുമ്പോഴേക്ക് 263 ദശലക്ഷം പേർ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുമെന്നും സംഘടന പ്രവചിക്കുന്നു. കോവിഡ് കാലത്ത് ഓരോ 30 മണിക്കൂറിലും ഒരു പുതിയ ശതകോടീശ്വരനാണ് സൃഷ്ടിക്കപ്പെട്ടത്. അതേസമയം ഓരോ 33 മണിക്കൂറിലും ഒരു ദശലക്ഷം എന്ന നിരക്കിൽ ജനം പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നുവെന്നും ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനം നടക്കുന്ന സ്വിസ് പട്ടണമായ ദാവോസിൽ പുറത്തിറക്കിയ ‘പ്രൊഫിറ്റിങ് ഫ്രം പെയിൻ’ എന്ന റിപ്പോർട്ടിൽ വ്യക്തമാക്കി.

പകർച്ചവ്യാധിയോടൊപ്പം ഭക്ഷണം, ഊർജം എന്നിവയുടെ കുത്തനെയുള്ള വിലവർധനവ് സമ്പന്നര്‍ക്ക് അനുഗ്രഹമായി. അതേസമയം, കടുത്ത ദാരിദ്ര്യത്തിലുള്ളവരുടെ പുരോഗതി വിപരീത ദിശയിലാണ്. ദശലക്ഷക്കണക്കിന് ആളുകൾ, ജീവിതച്ചെലവിലുണ്ടായ വർധനമൂലം കൂടുതല്‍ ദരിദ്രരാകുന്നു. ‘ശതകോടീശ്വരന്മാരുടെ വരുമാനം കുതിച്ചുയരുന്നത് അവർ കഠിനാധ്വാനം ചെയ്യുന്നതുകൊണ്ടല്ല, മറിച്ച് വ്യവസ്ഥിതിയിലെ പിഴവ് കൊണ്ടാണ്. ഇപ്പോൾ അതിന്റെ നേട്ടങ്ങൾ കൊയ്യുന്നുവെന്ന് മാത്രം’-ഓക്സ്ഫാം ഇന്റർനാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഗബ്രിയേല ബുച്ചർ പറഞ്ഞു.
കടുത്ത ദാരിദ്ര്യത്തിന്റെ വർധന 20 വർഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇത് പരിഹരിക്കുന്നതിന് കോടീശ്വരന്മാർക്ക് സാമ്പത്തിക നികുതി ഏർപ്പെടുത്തണം.

ലോകത്തിപ്പോൾ 2,668 ശതകോടീശ്വരന്മാരാണുള്ളത്. ഇവരുടെ ആകെ സമ്പത്ത് ലോകത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 13.9 ശതമാനത്തിന് തുല്യമാണ്. 2000ത്തിൽ ഇത് 4.4 ശതമാനമായിരുന്നു. കോവിഡ് കാലത്തുണ്ടായത് മൂന്നിരട്ടി വർധന. ഭക്ഷ്യ‑ഊർജ മേഖലകളിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് കോവിഡ് കാലത്തെ ഓരോ രണ്ട് ദിവസത്തിലും ഒരു ബില്യൺ ഡോളർ വർധിച്ചു. സമ്പന്ന പട്ടികയിലെ ആദ്യത്തെ പത്തു പേരുടെ സമ്പത്ത് ലോക ജനസംഖ്യയുടെ താഴെയുള്ള 40 ശതമാനത്തിന്റെ ആകെ സമ്പത്തിനെക്കാള്‍ കൂടുതലാണ്. ഇവര്‍ ദാവോസിൽ എത്തുന്നത് അവരുടെ സമ്പത്തിന്റെ അവിശ്വസനീയമായ കുതിപ്പ് ആഘോഷിക്കാനാണെന്നും ഗബ്രിയേല ബുച്ചർ പറഞ്ഞു.

എറ്റവും കൂടുതല്‍ കോടീശ്വരന്മാര്‍ ഇന്ത്യയില്‍

2021 ല്‍ നഗര കേന്ദ്രീകൃത തൊഴിലില്ലായ്മ 15 ശതമാനം വരെ ഉയരുകയും ഭക്ഷ്യ അരക്ഷിതാവസ്ഥ വഷളാവുകയും ചെയ്ത ഇന്ത്യയിലാണ്, ഇപ്പോൾ ഫ്രാൻസ്, സ്വീഡൻ, സ്വിറ്റ്സർലന്റ് എന്നിവയെക്കാള്‍ കൂടുതൽ ശതകോടീശ്വരന്മാർ ഉണ്ടായത് എന്നും ഓക്സ്ഫാം ചൂണ്ടിക്കാട്ടുന്നു.
കോവിഡ് പ്രതിസന്ധികാലത്ത് ഇന്ത്യയിലെ അതിസമ്പന്നർ അവരുടെ സമ്പത്ത് ഇരട്ടിയിലധികം വർധിപ്പിച്ചു. 2021 ൽ 40 ശതകോടീശ്വരൻമാരാണ് പുതുതായി ഉണ്ടായത്. ഇതോടെ രാജ്യത്തെ ആകെ ശതകോടീശ്വരൻമാരുടെ എണ്ണം 142 ആയി ഉയർന്നു. ഏകദേശം 720 ബില്യൺ ഡോളറിന്റെ സമ്പത്താണ് 142 പേരുടെ കൈവശമുള്ളത്.

Eng­lish Sum­ma­ry: Covid peri­od cre­at­ed 573 bil­lion­aires: most in India

You may like this video also

Exit mobile version