ഏഴര മണിക്കൂറിനുള്ളില്‍ 893 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി ചരിത്രം സൃഷ്ടിച്ച ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജുനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് പുഷ്പലതയെ തേടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരമെത്തി.
പുഷ്പലതയുടെ ഈ സേവനത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നേരിട്ടെത്തി അനുമോദിച്ചിരുന്നു. ഇപ്പോള്‍ ലഭിച്ച അംഗീകാരത്തെ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ഈ നേട്ടം തന്റെ സേവനത്തിന് ലഭിച്ച അംഗീകാരം കൂടിയാണ്. കോവിഡ് മുന്നണി പോരാളിയെന്ന നിലയില്‍ തന്റെ കടമയാണ് അന്ന് നിര്‍വഹിച്ചത്. അത് ഇനിയും തുടരുമെന്ന് ഇവര്‍ പറഞ്ഞു.
വാക്സിനേഷൻ പൂർത്തിയായപ്പോഴാണ് താൻ ഇത്രയധികം പേർക്ക് വാക്സിൻ നൽകി എന്ന വിവരം പുഷ്പലത പോലും അറിയുന്നത്. 2021 ജുലൈ 15 നായിരുന്നു പുഷ്പലതയെ പോലും ഞെട്ടിച്ച വാക്സിനേഷൻ പ്രവർത്തനങ്ങൾ നടന്നത്.അന്ന് രാവിലെ മുതൽ നല്ല തിരക്കുണ്ടായിരുന്നു. ഇടയ്ക്ക് ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങൾക്കുമായി അരമണിക്കൂർ മാറ്റിവച്ചു. 5.30 ഓടെ വാക്സിനേഷൻ പൂർത്തിയാക്കി. പിന്നീട് കണക്കു നോക്കിയപ്പോൾ പുഷ്പലത ഞെട്ടി. 893 പേർക്ക് ഏഴരമണിക്കൂറിനിടയിൽ വാക്സിൻ നൽകിയിരിക്കുന്നു. അന്ന് ജോലിക്ക് പൊതുവിൽ ആളുകുറവായിരുന്നു. ഇതിനാലാണ് ഇത്രയധികം എടുക്കേണ്ടിവന്നത്.
സംഭവം അടുത്ത സുഹൃത്തിനോടുമാത്രം പറഞ്ഞു. പിന്നീടാണു സംസ്ഥാനതലത്തിൽ ഇത്രയും വാക്സിനേഷൻ ഒരാളും ഒരുദിവസം നൽകിയിട്ടില്ലെന്ന വിവരം പുഷ്പലതയും അറിയുന്നത്. ജെപിഎച്ച്എൻ സംഘടനയും ഇക്കാര്യം ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലടക്കം വ്യക്തമാക്കി. ഓട്ടോഡിസേബിൾ സിറിഞ്ചുകളിലാണ് കോവാക്സിൻ ഡോസ് നൽകിയത്. അഞ്ചുമില്ലി കൃത്യമായെടുക്കാൻ ഇതു സഹായകമായി. കൂടുതലളവിൽ മരുന്നുവരാതിരിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. പുഷ്പലത ഇപ്പോൾ ചെങ്ങന്നൂരിൽ വാടകയ്ക്കു താമസിക്കുകയാണ്. ഭർത്താവ് ഗിൽബർട്ട് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ പി പി യൂണിറ്റിന്റെ ഒരു മനസോടെയുള്ള പ്രവർത്തനമാണ് തന്റെ പിൻബലമെന്ന് പുഷ്പലത പറയുന്നു.
English Summary: covid Vaccination: Puspalatha in the India Book of Records
You may like this video also