Site iconSite icon Janayugom Online

കോവിഷീല്‍ഡിന് കൂടുതല്‍ രോഗപ്രതിരോധശേഷി 

കോവിഡ് പ്രതിരോധ കുത്തിവയ്പുകളായ കോവിഷീല്‍ഡ് കോവാക്സിനെക്കാള്‍ മികവ് പുലര്‍ത്തിയതായി പഠനം. നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയൻസസിന്റെ നേതൃത്വത്തില്‍ 11 സ്ഥാപനങ്ങളുടെ സംഘമാണ് പഠനം നടത്തിയത്.  ദി ലാൻസെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യയാണ് പഠനം പ്രസിദ്ധീകരിച്ചത്.
പ്രതിരോധ കുത്തിവയ്പ്പിന്റെ ഫലപ്രാപ്‌തിയെക്കുറിച്ചും വാക്‌സിനേഷൻ വഴി കോശങ്ങളിലുണ്ടാകുന്ന പ്രതികരണത്തെപ്പറ്റിയും സമഗ്രവിവരങ്ങൾ ഉള്‍ക്കൊള്ളിച്ചുള്ളതാണ് പഠനം. കോവിഷീല്‍ഡ് കോവാക്സിനെക്കാള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതായി പഠനം കണ്ടെത്തി.
ഗവേഷണത്തിന് വിധേയരായ ഭൂരിഭാഗം പേരിലും കോവിഷീല്‍ഡ് പൂര്‍ണ പ്രതിരോധശേഷി കൊണ്ടുവരുന്നതായും എന്നാല്‍ കോവാക്സിനില്‍ ഇത് പലരിലും വിഭിന്നമാണെന്നും, പ്രത്യേകിച്ച് ഒമിക്രോണിന് മുമ്പ് പ്രതിരോധ ശേഷി പലരിലും വ്യത്യസ്തമായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു.  കോവീഷീല്‍ഡ് സ്വീകരിച്ചവരില്‍ കോവിഡ് സമ്പര്‍ക്കമുണ്ടായവരിലും അല്ലാത്തവരിലും ഒരുപോലെ ഉയര്‍ന്ന ആന്റിബോഡി കണ്ടെത്തി. കോവാക്സിനുമായി താരതമ്യം ചെയ്യുമ്പോള്‍ ടി സെല്‍ കൂടുതലാണെന്ന് സ്ഥിരീകരിച്ചതിനാല്‍ ഇത് പ്രതിരോധ ശേഷി ശക്തിപ്പെടുത്തുമെന്നുമാണ് കണ്ടെത്തല്‍.  ഒമിക്രോണ്‍ പോലുള്ള വകഭേദങ്ങള്‍ക്കെതിരായി പോരാടാൻ കോവാക്സിനേക്കാള്‍ കോവീഷീല്‍ഡിന് സാധിക്കുന്നതായും ഗവേഷകര്‍ പറയുന്നു.
രണ്ടു പ്രതിരോധ കുത്തിവയ്പ്പുകളെ താരതമ്യം ചെയ്യുക മാത്രമല്ല ഭാവിയില്‍ പ്രതിരോധ വിലയിരുത്തലുകള്‍ നടത്താനും പഠനം സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഇതിന് മുമ്പ് കോവാക്സിന്റെയും കോവിഷീൽഡിന്റെയും ഫലപ്രാപ്തി താരതമ്യം ചെയ്യുന്ന പഠനങ്ങൾ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിന് മുമ്പും ശേഷവുമുള്ള പ്രതിരോധ ശേഷിയും പഠനവിധേയമാക്കിയിരുന്നതായി ഗവേഷകര്‍ പറഞ്ഞു.
Eng­lish Sum­ma­ry: CoviShield
You may also like this video
Exit mobile version