Site icon Janayugom Online

സിപിഐ, സിപിഐ(എം) സംയുക്ത പ്രചാരണ ക്യാമ്പയിന്‍ ആരംഭിച്ചു

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ആന്ധ്രാപ്രദേശില്‍ സിപിഐ, സിപിഐ(എം) സംയുക്ത പ്രചാരണ ക്യാമ്പയിന്‍ കമ്പഹാര ഭേരി ആരംഭിച്ചു. അംബേദ്കറുടെ ജന്മവാർഷിക ദിനമായ ഇന്നലെ തുമ്മലപ്പള്ളി കലാക്ഷേത്രയിലെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷം ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങള്‍ അണിനിരന്ന റാലിയോടെയായിരുന്നു ക്യാമ്പയിന് തുടക്കമായത്. തുടർന്ന് ഏലൂർ റോഡ് വഴി നഗരം ചുറ്റി പ്രകടനത്തിന് ശേഷം എംബി വിജ്ഞാന്‍ ഭവനില്‍ നടന്ന പൊതുസമ്മേളനത്തില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു, ഇരുപാര്‍ട്ടികളുടെയും നേതാക്കളായ ജി കോടേശ്വര റാവു, കെ ശ്രീദേവി, ലങ്കാ ദുർഗാ റാവു, നക്ക വീരഭദ്ര റാവു, പി ദുർഗാംബ, ഡി വി കൃഷ്ണ, ദോനെപുടി കാശിനാഥ് എന്നിവര്‍ സംസാരിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ദോനെപ്പുടി ശങ്കർ, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എച്ച് ബാബുറാവു എന്നിവരായിരുന്നു അധ്യക്ഷരായത്.

സമ്മേളനത്തിന് മുന്നോടിയായി ഇപ്റ്റ കലാസംഘടനയായ പ്രജാ നാട്യമണ്ഡല്‍ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. സംസ്ഥാനത്തെ 26 ജില്ലകളിലും 175 നിയമസഭാ മണ്ഡലങ്ങളിലും മതാന്ധതയുള്ള ബിജെപിയെ തോൽപ്പിക്കാം, നമുക്ക് രാജ്യത്തെ രക്ഷിക്കാം എന്ന മുദ്രാവാക്യവുമായി 30വരെ സിപിഐ, സിപിഐ(എം) സംയുക്ത പ്രചരണം സംഘടിപ്പിക്കും. രാജ്യത്തെ എല്ലാ മതേതര ജനാധിപത്യ‑ഇടതു ശക്തികളും ഒന്നിച്ചാൽ 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. മോഡി സർക്കാർ ഹിന്ദുത്വ — കോർപ്പറേറ്റ് കൂട്ടുകെട്ടാണ് ലക്ഷ്യമിടുന്നതെന്നും ഇതിനെതിരെ കമ്മ്യൂണിസ്റ്റുകളുടെ യോജിച്ച മുന്നേറ്റങ്ങൾ ഉണ്ടാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ മേൽ വലിയ ഭാരമാണ് ചുമത്തുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തിക നയങ്ങളാണ് ഇതിന് കാരണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഈ നാടിനെ നാശത്തിൽ നിന്ന് രക്ഷിക്കാൻ സിപിഐ, സിപിഐ(എം) സംയുക്ത ക്യാമ്പയിൻ വിപുലമായി സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ണാടകയില്‍ സിപിഐക്ക് ധാന്യക്കതിരും അരിവാളും

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാര്‍ത്ഥികള്‍ ധാന്യക്കതിരും അരിവാളും ചിഹ്നത്തില്‍ തന്നെ മത്സരിക്കും. 1952 മുതൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണിത്. തെരഞ്ഞെ‍ടുപ്പ് ചിഹ്നം (സംവരണവും അനുവദിക്കലും) ഉത്തരവിലെ പത്താം ഖണ്ഡിക പ്രകാരം സിപിഐ സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ ചിഹ്നം തന്നെ നല്കുന്നതിന് പാര്‍ട്ടിയുടെ ആവശ്യപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു.

Eng­lish Summary;CPI and CPI(M) have launched a joint campaign

You may also like this video

Exit mobile version