പ്രതിപക്ഷ അനൈക്യം മുതലെടുത്താണ് എട്ടുവർഷത്തോളമായി സമ്പന്നരെ പ്രീതിപ്പെടുത്തുന്ന സാമ്പത്തികനയങ്ങളും നിലപാടുകളുമായി എൻഡിഎ രാജ്യം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സിപിഐ മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷരാഷ്ട്ര സങ്കല്പം പൊളിച്ചടുക്കി മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുകയാണവർ. മതവിശ്വാസം, രാഷ്ട്രീയം, രാഷ്ട്രഭരണം ഇവ തമ്മിൽ ബന്ധപ്പെടാൻ പാടില്ലെന്നാണ് സിപിഐ നിലപാട്. കടുത്ത വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് ആർജ്ജിക്കാനും ഭരണക്കാർക്കെതിരെ മുഴക്കുന്ന പ്രതിഷേധത്തിന്റെ ശബ്ദം കനപ്പെടുത്താനും ജനകീയ അടിത്തറ വിപുലമാക്കണമെന്നും കാനം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ പി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കെ പ്രഭാകരൻ രക്തസാക്ഷി പ്രമേയവും കെ ബാബുരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടിവ് അംഗം കെ ഇ ഇസ്മയിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രകാശ് ബാബു, സത്യൻ മൊകേരി, ദേശീയ കൗണ്‍സില്‍ അംഗം സി എൻ ജയദേവൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കെ രാജൻ, ചിഞ്ചുറാണി, വി ചാമുണ്ണി, പി പി സുനീർ എന്നിവർ പങ്കെടുത്തു. പി തുളസീദാസ് സ്വാഗതം പറഞ്ഞു. ജില്ല അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടി രാഷ്ട്രീയ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
രാവിലെ മഞ്ചേരി മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച ദീപശിഖാ പ്രയാണം സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പി സുനീർ ദീപശിഖ ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ തെളിയിച്ചു. മുതിർന്ന അംഗം പി കുഞ്ഞിമൂസ പതാകയുയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. 220 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.