Site iconSite icon Janayugom Online

വിജയവാഡയിലെ സിപിഐ ഭരണവും കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ പ്രതിമകളും

1888ല്‍ രൂപീകൃതമായ വിജയവാഡ നഗരസഭ 1981ലാണ് കോര്‍പറേഷനായി മാറുന്നത്. ആദ്യകാല ഭരണം സിപിഐ നേതൃത്തിലായിരുന്നു. അക്കാലത്താണ് കമ്മ്യൂണിസ്റ്റ് ആചാര്യന്മാരായ കാള്‍ മാര്‍ക്സ്, എംഗല്‍സ് എന്നിവരുടെ പ്രതിമകളും നഗരത്തില്‍ സ്ഥാപിച്ചത്. നഗരഭരണം നടത്തിയിരുന്ന സിപിഐ, സിപിഐ(എം) പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ട്രസ്റ്റാണ് കോര്‍പറേഷന്‍ നല്കിയ സ്ഥലത്ത് പ്രതിമകള്‍ സ്ഥാപിച്ചത്. സിപിഐ നേതാവ് കെ സുബ്ബരാജു അധ്യക്ഷനായ മാര്‍ക്സ്, എംഗല്‍സ് പ്രതിമാ പ്രതിഷ്ഠാപന്‍ സമിതിയാണ് നിര്‍മ്മാണ ചുമതല വഹിച്ചത്. 

കൃഷ്ണാനദിയുടെ അനുബന്ധമായി നിര്‍മ്മിച്ച കനാലിന്റെ ഓരത്താണ് ഈ പ്രതിമകള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. രാജ്യത്ത് തന്നെ ആദ്യത്തെ മാര്‍ക്സ്, എംഗല്‍സ് പ്രതിമകളായിരുന്നു ഇത്. 1988 മേയ് ഒമ്പതിന് സിപിഐ നേതാവ് ഇന്ദ്രജിത് ഗുപ്ത, സിപിഐ(എം) നേതാവ് ബി ടി രണദിവെ എന്നിവര്‍ ചേര്‍ന്നാണ് പ്രതിമകള്‍ അനാച്ഛാദനം ചെയ്തത്. മദിരാശി സ്വദേശിയായ ശില്പി എം ജയറാമായിരുന്നു പ്രതിമകള്‍ നിര്‍മ്മിച്ചത്. ഇരുപ്രതിമകളും സ്ഥിതി ചെയ്യുന്നതിന് അര കിലോമീറ്റര്‍ അകലെയാണ് ലെനിന്റെ പൂര്‍ണകായ പ്രതിമയും സ്ഥിതിചെയ്യുന്നത്.

ഉത്സവാന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടന ചടങ്ങെന്ന് മുതിര്‍ന്ന സിപിഐ നേതാവ് ഇ നാഗേശ്വര്‍ റാവു പറയുന്നു. സിപിഐയുടെ നേതൃത്വത്തിലുള്ള ഭരണകാലത്താണ് പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ നഗരത്തിലുണ്ടായത്. പുതിയ നിരവധി റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. പരിമിതമായ അധികാരമാണ് ഉണ്ടായിരുന്നതെങ്കിലും അതിനുള്ളില്‍ നിന്നുകൊണ്ട് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി അദ്ദേഹം ജനയുഗത്തോട് പറഞ്ഞു.
പ്രായാധിക്യമുണ്ടെങ്കിലും 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളന നഗരിയിലെത്തുകയും രക്തസാക്ഷി മണ്ഡപത്തില്‍ ദീപശിഖ തെളിയിക്കുകയും ചെയ്തത് ഇ നാഗേശ്വര്‍ റാവുവായിരുന്നു. 

Eng­lish Summary:CPI rule and stat­ues of com­mu­nist­par­ty lead­ers in Vijayawada
You may also like this video

Exit mobile version