Site icon Janayugom Online

ബിജെപി ഭരണഘടനയുടെ സത്ത ചോര്‍ത്തുന്നു: മന്ത്രി രാജേഷ്

ഭരണഘടനയെ തിരുത്തിയെഴുതുക എന്നത് എളുപ്പമല്ലാത്തതിനാല്‍ ഭരണഘടനയുടെ സത്ത ചോര്‍ത്തുകയാണ് ബിജെപി ഗവണ്‍മെന്റ് കഴിഞ്ഞ എട്ട് വര്‍ഷമായി സ്വീകരിച്ചിരിക്കുന്ന തന്ത്രമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അയ്യന്‍കാളി ഹാളില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 

 

ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കുക എന്നത് പരമപ്രധാനമാണ്. മതരാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണ്. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്ത് ഒരു ഗവണ്‍മെന്റ് മാറി മറ്റൊരു ഗവണ്‍മെന്റ് വന്നതല്ല സംഭവിച്ചത്. ഒരു പാര്‍ട്ടി മാറി വേറൊരു പാര്‍ട്ടി അധികാരത്തില്‍ വന്നത് മാത്രമല്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പുനര്‍നിര്‍വചിക്കാനാണ് അധികാരമുപയോഗിച്ചുകൊണ്ട് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഭരണഘടനയുടെ തത്വങ്ങളാകെ അട്ടിമറിച്ചുകൊണ്ടാണ് ആ നീക്കം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശുമാംസം കൈവശം വയ്ക്കുന്നത് കുറ്റകൃത്യമാക്കി മാറ്റി. മതപരിവര്‍ത്തനത്തിന്റെ പേരിലും മുത്തലാഖിന്റെ പേരിലും നിയമമുപയോഗിച്ചുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധമായി ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന് സ്വന്തം മതമുണ്ടാകാന്‍ പാടില്ലെന്ന നയം അട്ടിമറിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Exit mobile version