Site icon Janayugom Online

മരണമുഖത്തുനിന്ന് രക്ഷിച്ച അയാള്‍

CPI

എൻ ഇ ബാലറാമും പി കൃഷ്ണനും ഒളിവിൽ പാർട്ടി പ്രവർത്തനത്തിലാണ്. ചായ പീടികകളിൽ നിന്നു ചായ മാത്രം കുടിച്ച് നടത്തം തുടർന്നു. പാർട്ടിയുമായുള്ള ബന്ധം വിട്ടുപോയതിനാൽ ഒരു കേന്ദ്രവും കണ്ടെത്താനായില്ല. കണ്ണൂർ കോടിയേരിയിൽ ഒരു വീട്ടിൽ കയറി കുറച്ചുസമയം നിന്നുകൊള്ളട്ടെ എന്നു ചോദിച്ചു. വീട്ടുകാരുടെ കൂട്ടബഹളമായിരുന്നു മറുപടി. വിവരം വേറെ ആരെങ്കിലുമറിഞ്ഞാൽ വീട് തീവച്ച് നശിപ്പിക്കപ്പെടുമെന്നവർക്കറിയാം. അവരിരുവരും അവിടെ നിന്നും നടന്ന് പിണറായിക്കടുത്ത് കോവൂർ എന്ന സ്ഥലത്താണെത്തിയത്. ദിവസങ്ങൾ കഴിഞ്ഞിരുന്നു അപ്പോൾ. ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങളായിരുന്നു. കശുമാവിൻ കാട്ടിലെത്തിയപ്പോൾ അവർ അവശരായി വീണുപോയി. മരണം കാത്തെന്നതുപോലെ അവര്‍ കിടന്നു. പിറ്റേന്ന് രാവിലെയാകുമ്പോഴേക്കും കണ്ണിലൊക്കെ ഉറുമ്പു കയറിത്തുടങ്ങിയിരുന്നു. പശുവിനെ മേയ്ക്കാൻ വന്ന ഒരാൾ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന അവരെ വിളിച്ചുണർത്തി. വീട്ടിലേക്ക് കൊണ്ടുപോയ ആ കർഷകത്തൊഴിലാളി അവർക്ക് ഭക്ഷണം നല്കി പരിപാലിച്ചു. അല്ലെങ്കിൽ അവിടെ അവർ മരണത്തിനു കീഴടങ്ങിപ്പോകുമായിരുന്നു.
* * *
ഒരസമയത്ത് തോപ്പില്‍ ഭാസി ഒരു കുടിലിൽ കയറിച്ചെന്നു. സാധാരണഗതിയിൽ വല്ലതും കഴിച്ചതാണോ എന്നവർ ചോദിച്ചു. സാധാരണഗതിയിൽ ‘ഇല്ല’ എന്നു മറുപടിയും പറഞ്ഞു.
‘ഇന്ന് അത്താഴത്തിനൊന്നും ഇല്ലായിരുന്നു. ഒരു പിടിചോറും ഇമ്മിണി ചീനീം കൂടെ ഉച്ചക്കലത്തിൽ നിന്ന് കൊച്ചിനു കൊടുക്കാമെന്നു വച്ച് ഉറിയിലെടുത്തു വച്ചിട്ടുണ്ട്. ’ വീട്ടുകാരി പറഞ്ഞു.
‘എടീ അതിൽ പാതിയെടുത്ത് ഇമ്മിണി വെള്ളോം ഒഴിച്ച് ഒരു മുളകും ഒടച്ച് സഖാവിന് കൊട്’ ഭർത്താവ് പറഞ്ഞു.
കൊച്ചിനു വച്ചതിൽ പാതിയെടുത്തുകൊടുത്ത് ആ അച്ഛനമ്മമാർ സഖാവിന്റെ വിശപ്പടക്കി.
* * *
ജീവിതപ്രയാസങ്ങളുടെ നടുവിലാണ് കണ്ണൂർ ചെറുമാവിലായിലെ നള്ളക്കണ്ടി പൊക്കൻ എന്ന ചെത്തു തൊഴിലാളിയുടെ വീട്ടിൽ ഇഎംഎസ് ഒളിവിനെത്തിയത്. അദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിക്കണം. മറ്റുള്ളവർ സംശയിക്കയുമരുത്.
എത്ര തടഞ്ഞാലും വീട്ടിലേക്ക് ആളുകൾ വരും. അവരിൽ ഒരാളാണ് പാറക്കുന്നുമ്പ്രം കണാരൻ. കണാരൻ വന്നാൽ കോലായിൽ ചെന്നിരുന്ന് വർത്തമാനം തുടങ്ങും. കണാരന്റെ തല കണ്ടാൽ പൊക്കന്റെ ഭാര്യ കല്യാണി പറയും: ‘കാക്ക’.
അതൊരു സൂചനയാണ്. കോഡ്വാക്ക്, കണാരൻ വരുന്നു എന്നതിന്റെ മുന്നറിയിപ്പ്… ഇഎംഎസിന്റെ മുറിയുടെ തുറന്നുകിടക്കുന്ന ജനലുകൾ ഉടനെ നിശബ്ദം അടയുകയായി.
‘കാക്ക പോയി’ കണാരൻ പോയാൽ കല്യാണി പിറുപിറുക്കും. വീണ്ടും ജനലുകൾ തുറക്കും.
* * *
സർദാർ ചന്ദ്രോത്തും കെപിആറും കാന്തലോട്ടും രണ്ടു ദിവസം ഒരു കാട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. വിശപ്പുമാറ്റാൻ തേങ്ങാപ്പൂളും ചെറുപയർ പുഴുങ്ങിയതും തൊട്ടടുത്തുള്ള ആളുകൾ എത്തിക്കുകയായിരുന്നു. പിന്നീട് ഒരു സഖാവിന്റെ സഹായത്തോടെ ഒരൊഴിഞ്ഞ വീട്ടിൽ ഒളിച്ചു. സുരക്ഷിതമല്ലെന്നു കണ്ട് ഇറങ്ങി നടന്നു. മുണ്ടേരിയിൽ കെപിആറിന്റെ സഹോദരിയുടെ വീട്ടിലെത്തി. കെപിആറും ചന്ദ്രോത്തും പൂമുഖത്തിരുന്നു. വിവരമറിഞ്ഞെത്തിയ കോൺഗ്രസ് ഗുണ്ടകൾ വീടുവളഞ്ഞ് അവരിരുവരെയും പിടികൂടി. കാന്തലോട്ട് ചില മെയ്യഭ്യാസങ്ങൾ കാട്ടി രക്ഷപ്പെട്ടു. (ഓടിപ്പോകുന്ന വഴിയിൽ കണ്ട പൊട്ടക്കിണറ്റിലിറങ്ങി. കിണറിന്റെ ഒരു വശത്തുണ്ടായിരുന്ന മാളത്തിൽ തല പുറത്തേക്കിട്ടു കിടക്കാമെന്നു കരുതിയെങ്കിലും കാൽ വഴുതി വീണുപോയി. തലപൊട്ടി, അപ്പോഴേക്കും പിറകെയെത്തിയ പൊലീസുകാർ കാന്തലോട്ടിനെ പിടികൂടിയിരുന്നു.
* * *
കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ മാധവൻ കുറച്ചുദിവസം കുമാരേട്ടൻ എന്നയാളുടെ വസതിയിലാണ് താമസിച്ചത്. താമസം സുഖകരമാണ്. ഭക്ഷണം സ്വയം പാകം ചെയ്യണം. പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാനില്ലാത്തതിനാൽ അതിൽ സന്തോഷമേയുള്ളു. കുമാരേട്ടൻ നല്ലവണ്ണം കുടിച്ചാണ് വരിക. എന്നാൽ വീട്ടില്‍ ഒളിവിലുള്ള മാധവേട്ടനെ തീരെ ബുദ്ധിമുട്ടിക്കില്ല… കുമാരേട്ടനിൽ നിന്ന് കയ്യൂരിലെയും മടിക്കെെയിലേയും വിവരങ്ങൾ അറിയുകയും ചെയ്യുമായിരുന്നു.
രണ്ടാഴ്ചയോളം കുമാരേട്ടന്റെ വീട്ടിൽ താമസിച്ചു. അതിൽ കൂടുതൽ താമസിക്കുന്നത് ഒളിവുനിയമത്തിനെതിരാണ്. അടുത്ത യാത്ര ബേഡകത്തേക്കാണ്. ഈ വിവരം മാധവേട്ടന്‍ കുമാരേട്ടനോട് പറഞ്ഞു. കൂടെ താമസിക്കുന്നതിൽ പ്രയാസമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. പക്ഷേ എങ്ങനെയാണ് വീടുവിട്ട് അടുത്ത താവളത്തിലേക്ക് പോകുകയെന്ന പ്രശ്നം ഉദിച്ചു. സാധാരണ രാത്രി കാലങ്ങളിലാണ് താവളങ്ങള്‍ മാറാറുള്ളത്. എന്നാല്‍ പകൽതന്നെ പോകുന്നതിന് കുമാരേട്ടൻ വഴിയൊരുക്കി. ‘ആ ഭാഗത്തേക്ക് ഒരു വിവാഹ പാർട്ടി പോകുന്നുണ്ട്. ഞാനുമുണ്ട്, നിങ്ങളും വിവാഹ പാർട്ടിയിൽ അംഗങ്ങളായിക്കൊള്ളുക, എന്നദ്ദേഹം അറിയിച്ചു’ അതനുസരിച്ച് വിവാഹനിശ്ചയത്തിനു പോകേണ്ടതുപോലെ വേഷത്തിൽ കെ മാധവേട്ടന്‍ അവരോടൊപ്പം കൂടി. കുമാരേട്ടന്റെ ബന്ധുക്കളാണ് എന്ന നിലയിൽ അവർ സഖാക്കളെയും കരുതുകയും സുരക്ഷിതമായി ബേഡകത്തെത്തുകയും ചെയ്തു. 

Exit mobile version