Site iconSite icon Janayugom Online

ആഗോളീകരണ ദുരന്തങ്ങളെ പ്രതിരോധിക്കാനാവുക ഇടതുപക്ഷത്തിന് മാത്രം: മന്ത്രി കെ എൻ ബാലഗോപാൽ

ആഗോളീകരണം സൃഷ്ടിക്കുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാൻ മാനവികതയുടെ രാഷ്ട്രീയമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മാത്രമേ സാധ്യമാകൂ എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണിയാപുരം രാമചന്ദ്രന്‍ നഗറില്‍ ‘ആഗോളീകരണ കാലത്തെ തൊഴിൽ സംസ്കാരം’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളീകരണത്തിന്റെ പ്രത്യേകത അത് മനുഷ്യനെ പരിഗണിക്കുന്നില്ല എന്നതാണ്. മൂലധനശക്തികൾ സമ്പത്ത് കേന്ദ്രീകരിക്കുമ്പോൾ സാധാരണക്കാർ ദരിദ്രരാകുകയാണ് ചെയ്യുന്നത്. കേന്ദ്ര സർക്കാർ നയങ്ങൾ സംസ്ഥാനത്തെ ദുരിതത്തിലാക്കുകയാണ്. കേരളത്തിനവകാശപ്പെട്ട നികുതി വിഹിതം പോലും കേന്ദ്രം നല്‍കുന്നില്ല. സംസ്ഥാനങ്ങളുടെ സാമ്പത്തികനില ബുദ്ധിമുട്ടിലാക്കാനാണ് അനുദിനം കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു. ക്ഷേമ പെൻഷനും സൗജന്യ ചികിത്സാ പദ്ധതികളും ഓണക്കാലത്തെ ഭക്ഷ്യക്കിറ്റും എല്ലാ ഇതിന് ഉദാഹരണങ്ങളാണ്. പ്രതീക്ഷാനിർഭരമായ ജീവിതത്തെ മുന്നിൽക്കാണാൻ ജനങ്ങൾക്ക് സഹായകരമാകുന്ന ഒരു സർക്കാർ രാജ്യത്ത് ഉള്ളത് കേരളത്തിൽ മാത്രമാണ്.

ജനങ്ങള്‍ക്ക് ജീവിക്കാനനുകൂലമായ പിന്തുണ നല്‍കുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. കേരളത്തിലെ ഈ തിരി കെടാതെ സൂക്ഷിച്ച് ഇന്ത്യയിലുടനീളം എത്തിക്കുക എന്നത് രാഷ്ട്രീയമായി നമ്മുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുമ്പോഴും തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടാക്കാതിരിക്കുവാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. 80,000 പേരെ ഒറ്റദിവസം കൊണ്ട് പിരിച്ച് വിട്ട് ബിഎസ്എന്‍എല്ലിനെ ഇല്ലാതാക്കിയവരാണ് തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതെന്ന് നമുക്ക് കാണാം. സത്യാനന്തര കാലത്തെ തൊഴിലാളി വര്‍ഗ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ബിഎംഎസും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുന്നത്.

ആഗോളീകരണകാലത്തെ ട്രേഡ് യൂണിയന് അവകാശങ്ങളില്ല. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ ഏറ്റവുമധികം ഉളള പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളത്തിലാണ് എന്നതാണ് വാസ്തവം. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക് തീറെഴുതി നമ്മുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നിലയിലാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്ലാനിങ് ബോർഡംഗം ഡോ. കെ രവി രാമൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എം ജി രാഹുൽ, മീനാങ്കൽ കുമാർ എന്നിവര്‍ സംസാരിച്ചു. സോളമൻ വെട്ടുകാട് സ്വാഗതവും പി എസ് ഷൗക്കത്ത് നന്ദിയും പറഞ്ഞു. തുടർന്ന് ദേവരാജൻ ശക്തിഗാഥയുടെ ഗാനമേള അരങ്ങേറി.

Eng­lish Sum­ma­ry: cpi-state-con­fer­ence-sem­i­nar inagu­rat­ed by k n balagopal
You may also like this video

Exit mobile version