സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പതാക‑ബാനര്‍-കൊടിമര ജാഥകള്‍ തലസ്ഥാന നഗരവീഥികളെ ആവേശക്കടലാക്കി. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലെ പികെവി നഗറിലേക്കുള്ള പതാക‑കൊടിമര‑ബാനര്‍ ജാഥകള്‍ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം പാളയത്ത് സംഗമിച്ചു. തുടര്‍ന്ന് ഉജ്ജ്വലമായ ചുവപ്പ് സേനാ മാര്‍ച്ചിന്റെ അകമ്പടിയോടെയാണ് പികെവി നഗറിലേക്ക് ജാഥകള്‍ എത്തിച്ചേര്‍ന്നത്.
വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ നേതൃത്വത്തിലുള്ള പതാകജാഥയും, ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്റെ നേതൃത്വത്തിലെത്തിയ ബാനര്‍ ജാഥയും, നെയ്യാറ്റിന്‍കരയിലെ സ്വദേശാഭിമാനി — വീരരാഘവന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍ നായരുടെ നേതൃത്വത്തിലുള്ള കൊടിമരജാഥയും സംഗമിച്ചപ്പോള്‍ പാര്‍ട്ടി സഖാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും അത്യാവേശകരമായ അനുഭവമായി.
തുടര്‍ന്ന് കൊടിമര-പതാക‑ബാനര്‍ ജാഥകള്‍ ഏറ്റവും മുന്നിലായി സമ്മേളന നഗരിയിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചു. തൊട്ടുപിന്നിലായി കുട്ടികളുടെ റോളര്‍ സ്കേറ്റിങ്, കുതിര, ഒട്ടകം എന്നിവയും വനിതാ ശിങ്കാരിമേളവും വിവിധ കലാരൂപങ്ങളും പൂക്കാവടിയുമുള്‍പ്പെടെ അണിനിരന്നു. അതിന് പിന്നിലായാണ് സംസ്ഥാന വളണ്ടിയര്‍ ക്യാപ്റ്റന്‍ ആര്‍ രമേശിന്റെ നേതൃത്വത്തില്‍, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുരുഷ‑വനിതാ വളണ്ടിയര്‍മാരുടെ 22 പ്ലാറ്റൂണുകള്‍ അണിനിരന്നത്.
അണിയണിയായി ഒരേ താളത്തില്‍ ചുവട് വച്ച് മുന്നേറിയ ചുവപ്പ് സേനാ വളണ്ടിയര്‍മാര്‍ തലസ്ഥാനത്തെ പാര്‍ട്ടിയുടെ വര്‍ധിച്ച കരുത്ത് വിളിച്ചോതുന്നതായി. യുവാക്കളും യുവതികളും ഉള്‍പ്പെടെ ആയിരത്തോളം വളണ്ടിയര്‍മാരാണ് മാര്‍ച്ചിന്റെ ഭാഗമായി അണിനിരന്നത്.