Site iconSite icon Janayugom Online

സിപിഐ(എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് മധുരയില്‍ തുടക്കം

സിപിഐ(എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തമിഴ്‌നാട്ടിലെ മധുരയില്‍ തുടക്കം. തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ ആറ് വരെയാണ് സമ്മേളനം. അഞ്ച് രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്നുള്ള ദീപശിഖാ ജാഥകൾ ഇന്നലെ സമ്മേളന നഗരിയില്‍ സംഗമിച്ചു. വെണ്മണി രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പതാക ജാഥ ഇന്ന് രാവിലെയോടെ സമ്മേളന നഗരിയിൽ എത്തിച്ചേരും. കേന്ദ്രകമ്മിറ്റിയംഗം യു വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക കൺട്രോൾ കമ്മിഷൻ ചെയർമാൻ എ കെ പത്മനാഭൻ ഏറ്റുവാങ്ങും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.

10.30ന് കോടിയേരി ബാലകൃഷ്‌ണൻ സ്മാരക ഹാളിൽ പൊളിറ്റ്ബ്യൂറോ കോ-ഓര്‍ഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക് സർക്കാർ അധ്യക്ഷനാകും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ (എം-എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ, എം എ ബേബി, കെ ബാലകൃഷ്ണൻ, മധുര എംപി സു വെങ്കിടേശൻ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്യും.
‘ഫെഡറലിസം ഇന്ത്യയുടെ ശക്തി’ എന്ന വിഷയത്തില്‍ നാളെ നടക്കുന്ന സെമിനാറില്‍ പ്രകാശ് കാരാട്ട്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ തുടങ്ങിയവര്‍ പങ്കെടുക്കും.
ആറിന് വണ്ടിയൂർ റിങ് റോഡ് ടോൾ പ്ലാസയ്ക്ക് സമീപം നടക്കുന്ന പൊതുസമ്മേളനത്തോടെ പാർട്ടി കോൺഗ്രസ് സമാപിക്കും. പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, ബൃന്ദ കാരാട്ട്, ജി രാമകൃഷ്ണൻ, ബാലകൃഷ്ണൻ, യു വാസുകി തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും. 25,000 പേര്‍ അണിനിരക്കുന്ന റെഡ് വോളണ്ടിയര്‍ മാര്‍ച്ചിന്റെ ഫ്ലാഗ് ഓഫ് വച്ചാതി പോരാളികള്‍ നിര്‍വഹിക്കുമെന്നും 80 നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്നും സംഘാടകസമിതി ചെയര്‍മാന്‍ പി ഷണ്‍മുഖം അറിയിച്ചു. 

Exit mobile version