Site iconSite icon Janayugom Online

സിപിഐ(എം) അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നടപടി തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. സിപിഐ(എം) തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ പേരിൽ എംജി റോഡിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ശനിയാഴ്ച ഉച്ചയോടുകൂടി ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച രാത്രി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബാങ്കിലെത്തി അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചിരുന്നു. അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചതായി അറിയിച്ചുള്ള കത്തിൽ പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞിട്ടില്ല. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇടപാടുകൾ നടത്തരുതെന്ന് കാണിച്ച് ബാങ്ക് ജനറൽ മാനേജർക്കും മറ്റും അധികൃതർക്കും ആദായനികുതി വകുപ്പ് കത്തയച്ചിട്ടുണ്ട്.
നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചു. മുൻകൂട്ടി യാതൊരു നോട്ടീസും നൽകാതെയും, വിശദീകരണം ആവശ്യപ്പെടാതെയും ഇൻകം ടാക്സ് അധികൃതർ അക്കൗണ്ട് മരവിപ്പിക്കുകയുമായിരുന്നു. 

തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയപ്പക തീർക്കുകയെന്ന ബിജെപി സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോൾ നടപടിയുണ്ടായിട്ടുള്ളതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആദായ നികുതി വകുപ്പിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർ ഇതെല്ലാം തിരിച്ചറിയുമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വേട്ടയാടുകയാണ് ഉദ്ദേശം. കേന്ദ്രസർക്കാരിന്റെ ഇത്തരം കുത്സിത നീക്കങ്ങൾ വോട്ടർമാർക്ക് മുന്നിൽ തുറന്നു കാണിക്കുന്ന പ്രചാരണപ്രവർത്തനങ്ങളുമായി ഇടതുപക്ഷം ശക്തമായി മുന്നോട്ടു പോകുമെന്നും വത്സരാജ് അറിയിച്ചു. 

Eng­lish Sum­ma­ry: CPI(M) account frozen by Income Tax Department

You may also like this video

Exit mobile version