സിപിഐ (എം) 23-ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിലെ ചുവന്നമണ്ണിൽ പ്രൗഢോജ്ജ്വല തുടക്കം. ഇ കെ നായനാർ അക്കാദമിയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മുതിർന്ന പിബി അംഗം എസ് രാമചന്ദ്രൻ പിള്ള പതാക ഉയർത്തിയതോടെയാണ് അഞ്ചുനാൾ നീളുന്ന പ്രതിനിധി സമ്മേളന നടപടികൾ ആരംഭിച്ചത്. സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ ഇതാദ്യമായാണ് പാർട്ടികോൺഗ്രസ്സിന് വേദിയാകുന്നത്. സമ്മേളന നഗരിയിൽ പതാക ഉയരവെ, രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും ബഹുസ്വരതയും വിളംബരം ചെയ്ത് വിവിധ ഭാഷകളിലുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങി. തുടർന്ന് നേതാക്കളും പ്രതിനിധികളും സമ്മേളന വേദിക്കരികിലെ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
കരിവെള്ളൂർ മുരളി രചിച്ച് രതീഷ് പല്ലവിയും സംഘവും അവതരിപ്പിച്ച സംഗീതാവിഷ്കാരവും കലാമണ്ഡലം ലതയുടെ നേതൃത്വത്തിൽ പിലാത്തറ ലാസ്യയിലെ കലാകാരികൾ അവതരിപ്പിച്ച നൃത്താവിഷ്കാരവും ചടങ്ങിന് മാറ്റുകൂട്ടി.
ഉദ്ഘാടന സമ്മേളനത്തിൽ പൊളിറ്റ്ബ്യൂറോ അംഗവും മുൻ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സർക്കാർ അധ്യക്ഷനായി. രക്തസാക്ഷി — അനുശോചന പ്രമേയവും അദ്ദേഹം അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം പറഞ്ഞു.
സിപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി രാജ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ലോകത്തെ വിവിധ കമ്യൂണിസ്റ്റ് പാർടികളുടെയും ഇന്ത്യയിലെ ഇടതു പാർടികളായ ആർ എസ് പി, ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്, സിപിഐ (എം എൽ) പാർട്ടികളുടെയും സന്ദേശം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി വായിച്ചു.
കഥാകൃത്ത് ടി പത്മനാഭൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, നടൻ ഹരിശ്രീ അശോകൻ, നടൻ മധുപാൽ, ഗായിക സയനോര ഫിലിപ്പ്, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിച്ചു.
പ്രതിനിധി സമ്മേളനം 10-ാം തീയതി വരെ തുടരും. 10ന് വൈകീട്ട് ജവഹർ സ്റ്റേഡിയത്തിലെ എ കെ ജി നഗറിൽ പൊതുസമ്മേളനം നടക്കും.
English Summary: A bright start to the CPI (M) Party Congress
You may like this video also