Site iconSite icon Janayugom Online

ഇറാനിൽ പ്രക്ഷോഭകർക്ക് നേരെ അടിച്ചമർത്തൽ: കൊല്ലപ്പെട്ടവർ 5,000 കടന്നതായി റിപ്പോർട്ട്

ഇറാനിൽ രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭങ്ങൾക്ക് നേരെയുള്ള സർക്കാർ നടപടികളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,002 കടന്നതായി മനുഷ്യാവകാശ പ്രവർത്തകർ വെളിപ്പെടുത്തി. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാൻ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണിത്. കൊല്ലപ്പെട്ടവരിൽ 4,716 പ്രതിഷേധക്കാരും 43 കുട്ടികളും ഉൾപ്പെടുന്നു. ഏകദേശം 26,800ലധികം പേരെ ഇതുവരെ തടങ്കലിലാക്കിയിട്ടുണ്ട്. ജനുവരി 8 മുതൽ രാജ്യം പൂർണ്ണമായ ഇന്റർനെറ്റ് നിരോധനത്തിലായതിനാൽ യഥാർത്ഥ മരണസംഖ്യ ഇതിലും ഉയർന്നതാകാമെന്ന് ആക്ടിവിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ 3,117 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ഇറാന്റെ ഔദ്യോഗിക കണക്ക്.

അതിനിടെ, പ്രക്ഷോഭകാരികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മേഖലയിലേക്ക് യുദ്ധക്കപ്പലുകളുടെ വൻനിരയെ അയച്ചു. യുഎസ്എസ് അബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള വിമാനവാഹിനിക്കപ്പലുകൾ നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മാത്രം സൈനിക നടപടി എന്ന നിലപാടിലാണ് വാഷിംഗ്ടൺ. എന്നാൽ 800 തടവുകാരുടെ വധശിക്ഷ ട്രംപിന്റെ ഇടപെടൽ മൂലം ഇറാൻ നിർത്തിവെച്ചു എന്ന വാർത്ത ഇറാൻ പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് മൊവാഹെദി നിഷേധിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊല്ലുന്നതിനെതിരെ ട്രംപ് ‘റെഡ് ലൈൻ’ പ്രഖ്യാപിച്ചതോടെ മേഖലയിൽ പിരിമുറുക്കം വർദ്ധിച്ചിരിക്കുകയാണ്.

Exit mobile version