Site icon Janayugom Online

ഗോത്ര വിഭാഗക്കാര്‍ക്കു വേണ്ടിയുള്ള സര്‍ഗാത്മക ക്യാംപ് ഇന്ന് മുതല്‍

പട്ടികവര്‍ഗ വിഭാഗത്തിലെ സാഹിത്യകാരന്മാരുടെ പുരോഗമന, സര്‍ഗാത്മക, സാഹിത്യ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനും പട്ടികവര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ‘ഉയരും ഞാന്‍ നാടാകെ’ എന്ന പേരില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ക്യാംപ് സംഘടിപ്പിക്കുന്നത്. ക്യാംപിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.45ന് പ്രശസ്ത കവി പ്രൊഫ വി. മധുസൂദനന്‍ നായര്‍ നിര്‍വഹിക്കും. സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി എസ് പ്രദീപ് അധ്യക്ഷനാകും. 

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ടി വി. അനുപമ ഐഎഎസ് മുഖ്യ സന്ദേശം നല്‍കും. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വിധുമോള്‍, സംസ്‌കൃതി ഭവന്‍ സെക്രട്ടറി പ്രിയദര്‍ശനന്‍ പി.എസ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ശില്‍പശാലയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ വിശിഷ്ട സാന്നിധ്യമാകും. ദൃശ്യ മാധ്യമ രംഗത്തെ ദളിത്, ആദിവാസി കൈയ്യൊപ്പ് എന്ന വിഷയത്തില്‍ കൈരളി ടിവി അസോസിയേറ്റ് ന്യൂസ് എഡിറ്റര്‍ കെ. രാജേന്ദ്രന്‍ സംസാരിക്കും. പ്രശസ്ത കവിയും കഥാകൃത്തുമായ മഞ്ജു വൈഖരി എഴുത്തിന്റെ ദര്‍ശനം എന്ന വിഷയത്തിലും മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട കവിതയും രചനയും എന്ന വിഷയത്തിലും സംസാരിക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന ക്യാംപ് ഫയറിന് കവിയും അവതാരകനുമായ ഗിരീഷ് പുലിയൂരും നാടന്‍പാട്ട് കലാകാരന്‍ ജയചന്ദ്രന്‍ കടമ്പനാടും നേതൃത്വം നല്‍കും.

ക്യാംപിന്റെ രണ്ടാം ദിവസമായ നാളെ രാവിലെ ഒന്‍പതു മുതല്‍ ശില്‍പശാല ആരംഭിക്കും. കഥയെഴുത്തിന്റെ ശാസ്ത്രം എന്ന വിഷയത്തില്‍ കഥാകാരി കെ.എ. ബീനയും പത്രപ്രവര്‍ത്തനം, സത്യാനന്തര കാലഘട്ടത്തില്‍ എന്ന വിഷയത്തില്‍ കൈരളി ടിവി ന്യൂസ് എഡിറ്റര്‍ എന്‍.പി. ചന്ദ്രശേഖരനും സംസാരിക്കും. കവിതയുടെ കൈവഴികള്‍ എന്ന വിഷയത്തില്‍ ശ്രീജിത്ത് അരിയല്ലൂരിന്റെ പ്രഭാഷണത്തോടെ ഉച്ചയ്ക്കു മുന്‍പുള്ള പരിപാടികള്‍ സമാപിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടിന് സിനിമ, കഥയും തിരക്കഥയും എന്ന വിഷയത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും സിനിമാ പ്രവര്‍ത്തകനുമായ മധുപാല്‍ സംസാരിക്കും. നര്‍മ്മത്തിന്റെ തലങ്ങള്‍ എന്ന വിഷയത്തില്‍ ഹാസ്യ സാഹിത്യകാരന്‍ കൃഷ്ണ പൂജപ്പുരയുടെ പ്രഭാഷണവും അരങ്ങേറും. സാംസ്‌കാരിക വകുപ്പു മന്ത്രി വി എന്‍ വാസവന്‍ വിശിഷ്ട സാന്നിധ്യമാകും. വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം വട്ടിയൂര്‍ക്കാവ് എംഎല്‍എ അഡ്വ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും. സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് അധ്യക്ഷനാകും. പട്ടികവര്‍ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. വാണി ദാസ് ആശംസയറിയിച്ചു സംസാരിക്കും. സംസ്‌കൃതി ഭവന്‍ സെക്രട്ടറി പ്രിയദര്‍ശനന്‍ പി.എസ്, ആനി ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Eng­lish Summary:Creative camp for trib­als from today

You may also like this video

Exit mobile version